കോഴിക്കോട്: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പൊതുഗതാഗത സംവിധാനവും താറുമാറായി. കോഴിക്കോട് നിന്നും വയനാട്, പാലക്കാട് ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പൂര്‍ണമായും തടസപ്പെട്ടു. കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള സര്‍വീസുകള്‍ ഇന്നും പാതി വഴിയില്‍ തടസപ്പെട്ടെന്ന് കെഎസ്ആര്‍ടിസി ഉത്തരമേഖലാ എംഡി സി.വി.രാജേന്ദ്രന് “രാഷ്ട്രീദീപിക’യോടു പറഞ്ഞു.
ഇന്ന് രാവിലെ മുതല്‍ തന്നെ വയനാട്ടിലേക്കുള്ള സര്‍വീസുകള്‍ പുറപ്പെട്ടിരുന്നു. എന്നാല്‍ റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പലിടത്തും പോലീസ് ബസുകള്‍ തടഞ്ഞിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നിന്ന് പാലക്കാടേക്കുള്ള സര്‍വീസുകളും നിര്‍ത്തിവച്ചു. മലപ്പുറം വരെ മാത്രമാണ് സര്‍വീസ് നടത്താനാവുന്നൂള്ളൂവെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. അതേസമയം കണ്ണൂര്‍ , തൃശൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. മുക്കം,
സ്വകാര്യ ബസുകളില്‍ എഴുപത് ശതമാനത്തിലധികവും ഇന്നലെ സര്‍വീസ് നടത്തിയില്ല. ഇതോടെ പൊതുഗതാഗത സംവിധാനം താറുമാറായി. വയനാട്, തൃശൂര്‍, പാലക്കാട്, നിലമ്പൂര്‍, മുക്കം, തിരുവമ്പാടി, മുക്കം, ഈങ്ങാപ്പുഴ, പടനിലം, മാവൂര്‍, പാലാഴി തുടങ്ങിയ പല റൂട്ടുകളിലേക്കുമുള്ള ബസുകള്‍ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് റദ്ദാക്കി. നഗരത്തിലോടുന്ന സിറ്റി സര്‍വീസുകളും ചിലത് നിര്‍ത്തിവച്ചു.
കനത്തമഴയോടൊപ്പം യാത്രക്കാരുടെ കുറവും കൂടിയായതോടെ ചുരുക്കം സിറ്റി ബസ്സുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. വടകര-കുറ്റ്യാടി റൂട്ടില്‍ പലയിടത്തും വെള്ളം കയറിയതോടെ ഇതുവഴിയുള്ള സര്‍വീസുകളും വെട്ടിച്ചുരുക്കി. അരൂര്‍-കക്കട്ടില്‍ റൂട്ടില്‍ വാഹനഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. ആയഞ്ചേരി-തീക്കുനി-കുറ്റ്യാടി റൂട്ടിലും ഇന്നലെ ബസ്സുകള്‍ ഓടിയില്ല.
കനത്തമഴയെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കവും ട്രാക്കുകളിലേക്കുള്ള മണ്ണിടിച്ചിലും കാരണം മലബാറിലേക്കുള്ള തീവണ്ടി ഗതാഗതവും സ്തംഭിച്ചു. കോഴിക്കോട്-കണ്ണൂര്‍-മംഗലാപുരം റൂട്ടില്‍ മാത്രമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മലബാറില്‍ തീവണ്ടികള്‍ നാമമാത്രമായി സര്‍വീസ് നടത്തിയത്. ഒറ്റപ്പാലത്ത് വെള്ളപ്പൊക്കമായതോടെ തൃശൂര്‍-പാലക്കാട് റൂട്ടിലോടുന്ന തീവണ്ടികളെല്ലാം ഇന്നലെ ഉച്ചയോടെ റദ്ദാക്കിയിരുന്നു.
ചാലിയാര്‍ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഫറോക്ക്-കല്ലായ് വഴിയും, ഒറ്റപ്പാലത്ത് ജലനിരപ്പ് ഉയര്‍ന്നതോടെ ഒറ്റപ്പാലം-പാലക്കാട് റൂട്ടിലുമുള്ള തീവണ്ടിഗതാഗതവും സ്തംഭിച്ചു. ഇതെത്തുടര്‍ന്ന് ഷൊര്‍ണൂരിനും കോഴിക്കോടിനും ഇടയിലുമുള്ള മുഴുവന്‍ സര്‍വീസുകളും റദ്ദാക്കുകയായിരുന്നു.