പത്തനംതിട്ട: കെഎസ്എഫ്ഇയില്‍ യാതൊരു കാരണവശാലും ബിനാമി പേരില്‍ ആര്‍ക്കും ചിട്ടിയില്‍ ചേരാനാകില്ലെന്ന് ചെയര്മാന് അഡ്വ.പീലിപ്പോസ് തോമസ്.
അക്കൗണ്ട് വഴിയോ ചെക്ക് മുഖേനയോ ആണ് എല്ലാ പണം കൈമാറ്റവും നടക്കുന്നത്. അക്കൗണ്ടുകള്‍ കെവൈസി ബന്ധിതമാണ്. ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നീ വിവരങ്ങള്‍ നല്കുന്ന ആള്‍ക്കുമാത്രമേ ചിട്ടിയില്‍ ചേരാന്‍ കഴിയൂ.
ഇടപാടുകള്‍ പൂര്‍ണമായും ആദായനികുതി വകുപ്പിന്റെ നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാണ്. കൂടുതല്‍ പണമുണ്ടെങ്കില്‍ ചെക്കായി വാങ്ങും. ചിട്ടിപ്പണം കൊടുക്കുന്നത് ബാങ്ക് അക്കൗണ്ട്, ചെക്ക് എന്നിവ മുഖേനയാണെന്നും ചെയര്മാന് രാഷ്ട്രദീപികയോടു പറഞ്ഞു.
ഉദ്യോഗസ്ഥര്ക്കെന്നല്ല, ആര്‍ക്കും ബിനാമി പേരില്‍ ചിട്ടിയില്‍ ചേരാനാകില്ല. കെഎസ്എഫ്ഇ ഉദ്യോഗസ്ഥര്‍ക്കോ ജീവനക്കാര്‍ക്കോ കെവൈസി പാലിച്ചു ചിട്ടിയില്‍ ചേരുന്നതിനു നിയമപരമായി ഒരു തടസവുമില്ല.
കള്ളപ്പണം വെളുപ്പിക്കാനുള്ള ഒരു സാധ്യതയും കെഎസ്എഫ്ഇ നല്‍കുന്നില്ല. ഇത്തരം ഒരു ആരോപണത്തിനു പിന്നിലെ ലക്ഷ്യം വ്യക്തമാണെന്നു പീലിപ്പോസ് പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കാന്‍ കെഎസ്എഫ്ഇ സഹായിച്ചുവെന്നു പറഞ്ഞ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ വിളിച്ചുവരുത്തുകയാകും ലക്ഷ്യം. പക്ഷേ ഏത് അന്വേഷണത്തെയും കെഎസ്എഫ്ഇ ഭയക്കുന്നില്ല.
ചിട്ടികളില്‍ ആളുകള്‍ കൊഴിഞ്ഞുപോകുമ്പോള്‍ പുതിയ ആളെ ചേര്‍ക്കാന്‍ നിര്‍ദേശമുള്ളതാണ്. പൊള്ളച്ചിട്ടി നടത്താന്‍ ഒരു ഉദ്യോഗ്സഥനും അനുമതിയില്ല. ഇത്തരത്തില്‍ പൊള്ളച്ചിട്ടി പിടിക്കപ്പെട്ടിട്ടുള്ളപ്പോഴെല്ലാം കര്‍ശന നടപടിയെടുത്തിട്ടുണ്ട്.
ചെക്ക് മടക്കവും മറ്റും കാരണം ചിട്ടിയില്‍ നിന്ന് ആളുകള്‍ കൊഴിഞ്ഞുപോകുന്നത് സ്വാഭാവികമാണ്. ഇപ്പോഴത്തെ ആരോപണങ്ങള്‍ പലതും ചിട്ടി നടത്തിപ്പിനെ സംബന്ധിച്ച് വ്യക്തമായ അവബോധം ഇല്ലാത്തവര്‍ ഉന്നയിക്കുന്നതാണ്.
ആരോപണങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ച് താന്‍ പ്രതികരിക്കില്ലെന്നും പീലിപ്പോസ് തോമസ് പറഞ്ഞു.വിജിലന്‍സ് കഴിഞ്ഞദിവസം പരിശോധന നടത്തിയ എല്ലാ ശാഖകളിലും ഓഡിറ്റ് വിഭാഗം ഇന്നു പരിശോധന നടത്തുന്നുണ്ട്.
ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളുടെ നിജസ്ഥിതി അറിയുകയാണ് ലക്ഷ്യം. പരിശോധനകളില്‍ തെറ്റില്ലെങ്കിലും ഇപ്പോഴത്തെ വിജിലന്‍സ് പരിശോധനയ്ക്കു പിന്നില്‍ തങ്ങളുമായി മത്സരിക്കുന്ന ചില സ്വകാര്യ പണമിടപാടുകളുടെ ബന്ധം സംശയിക്കപ്പെടേണ്ടതാണെന്ന് ചെയര്മാന് പറഞ്ഞു.
സമീപകാലത്തു കെഎസ്എഫ്ഇ നേടിയിട്ടുള്ള സാമ്പത്തിക ലാഭമാണ് ഇതിനു പ്രധാന കാരണം. സ്വര്‍ണപ്പണയ ഇടപാടുകളില്‍ പോലും കെഎസ്എഫ്ഇയ്ക്കു നേട്ടമുണ്ടായി. കെഎസ്എഫ്ഇയില്‍ വിശ്വാസ്യത വര്‍ധിപ്പിച്ചതിലൂടെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്കു നഷ്ടമുണ്ടായിട്ടുണ്ടെന്നും പീലിപ്പോസ് തോമസ് പറഞ്ഞു.