റെനീഷ് മാത്യു
കണ്ണൂർ: കെഎസ്എഫ്ഇയുടെ തലപ്പത്തെ നിയമനത്തെച്ചൊല്ലി വിവാദം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 13 കോടി രൂപയുടെ കൃത്രിമം കാണിച്ചതിനെ തുടർന്ന് പിരിച്ചുവിട്ട ഉദ്യോഗസ്ഥനെയാണ് ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തിയപ്പോൾ വീണ്ടും നിയമിച്ചത്.
കോടിക്കണക്കിന് രൂപ അഴിമതി കാണിച്ച സംഭവത്തിലാണ് ഇയാളെ പുറത്താക്കിയത്. തുടർന്ന് ഈ ഉദ്യോഗസ്ഥന് പകരം ആ തസ്തികയിലേക്ക് മറ്റൊരാളെ യുഡിഎഫ് സർക്കാർ നിയമിക്കുകയായിരുന്നു.
തുടർന്ന് ഇയാൾ ഹൈക്കോടതിയിൽ തന്നെ പുറത്താക്കിയതിനെതിരേ കേസ് നൽകിയിരുന്നു. ഈ കേസ് ഹൈക്കോടതിയിൽ നിലനിൽക്കുന്നതിനിടെയാണ് പകരം നിയമിച്ചയാളെ പുറത്താക്കി ഇയാൾക്ക് വീണ്ടും ഇടതുസർക്കാർ നിയമനം നൽകിയത്.
ഹൈക്കോടതിയിൽ നിന്നും കേസ് പിൻവലിക്കാമെന്ന് ഇയാളെക്കൊണ്ട് എഴുതി വാങ്ങിച്ചതായും പറയുന്നു. നിയമനത്തിൽ ഉന്നതർ ഇടപെട്ടതായാണ് സൂചന.
അതേസമയം, കെഎസ്എഫ്ഇയിൽ അഴിമതി കണ്ടെത്താൻ രൂപീകരിച്ച വിജിലൻസ് വിംഗിന്റെ പ്രവർത്തനത്തിനെതിരേയും വ്യാപക ആക്ഷേപം ഉയരുന്നുണ്ട്.
കെഎസ്എഫ്ഇയിലെ ക്രമക്കേടുകൾ കണ്ടെത്താൻ ഇതിനുള്ളിൽ തന്നെ രൂപീകരിച്ചതാണ് വിജിലൻസ് വിംഗ്. വിജിലൻസ് വിംഗ് കണ്ടെത്താത്ത ക്രമക്കേടുകൾ വിജിലൻസ് കണ്ടെത്തിയതും വിവാദത്തിലായിരിക്കുകയാണ്.