മണിമല: രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കെഎസ്എഫ്ഇയുടെ ഓഫീസ് കെട്ടിടത്തിൽ കയറിയ നായ കുടുങ്ങിക്കിടന്നത് രണ്ടു ദിവസം.
നായ ഉള്ളിലുണ്ടെന്ന് അറിയാതെ ശനിയാഴ്ച വൈകുന്നേരം ഓഫീസ് പൂട്ടി മടങ്ങിയ ജീവനക്കാരെ നാട്ടുകാർ വിവരമറിയിച്ചെങ്കിലും തിങ്കളാഴ്ച മാത്രമേ ഇനി ഓഫീസ് തുറക്കാൻ സാധിക്കൂ എന്നായിരുന്നു മറുപടി.
നായയെ പുറത്തുകൊണ്ടുവരാൻ മാർഗമൊന്നുമില്ലെന്നു കണ്ടതോടെ ആഹാരവും വെള്ളവുമായി നാട്ടുകാർ രക്ഷകരായി. കൂടിനിന്നവർ പല പേരുകൾ സ്നേഹത്തോടെ വിളിക്കുന്നതുകേട്ട് നായ കെഎസ്എഫ്ഇ ബോർഡിന് മുകളിൽ വന്ന് തലയുയർത്തി നോക്കുന്നത് കൗതുകത്തോടെയാണ് നാട്ടുകാർ നോക്കിനിന്നത്. ഇന്നലെ രാവിലെ ജീവനക്കാർ എത്തിയാണ് നായയെ തുറന്നുവിട്ടത്.