വെള്ളറട: മുടങ്ങിയ ചിട്ടിപ്പണം കാലാവധി പൂർത്തിയാകുന്നതിനു മുന്‍പ് തിരികെ ആവശ്യപ്പെട്ട് കുന്നത്തുകാല്‍ കെഎസ്എഫ്ഇയില്‍ ഇടപാടുകാരന്റെ ആത്മഹത്യാശ്രമം.
പളുകൽ കരുമാനൂര്‍ സ്വദേശി റോബര്‍ട്ട് രാജ് (58)ആണ് പെട്രോളുമായി ആത്മഹത്യ ഭീഷണി മുഴക്കിയത്. റോബര്‍ട്ട് 100 മാസത്തെ ചിട്ടിക്കാണ് ചേർന്നതെന്നും രണ്ട് ലക്ഷം രൂപ അടച്ചശേഷം ചിട്ടി മുടങ്ങിയെന്നും കെഎസ്എഫ്ഇ ജീവനക്കാർ പറയുന്നു.
മക്കളുടെവിദ്യാഭ്യാസ ആവശ്യത്തിന് പണം തിരികെ നൽകണമെന്ന് പലപ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും ചിട്ടി പൂർത്തിയാകാതെ പണം നൽകില്ലെന്ന് അധികൃതര്‍ അറിയിച്ചു.
തുടര്‍ന്ന് ഇന്നലെ വൈകുന്നേരം മൂന്നിന് പെട്രോളുമായി മാനേജരുടെ റൂമില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.
വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മൃദുല്‍കുമാര്‍ സ്ഥലത്തെത്തി വയോധികനെ കസ്റ്റഡിയിൽ എടുത്തു. അപകടസാധ്യത മുന്നില്‍ കണ്ട് ഫയർ ഫോഴ്സ് യൂണിറ്റും സ്ഥലത്ത് എത്തിയിരുന്നു.