കോവളം: നറുക്ക് വീണ ചിട്ടിപ്പണം വാങ്ങാൻ ഈടായി നല്കിയ പ്രമാണം ലഭിച്ചില്ലെന്ന മാനേജരുടെ നിലപാടിൽ പ്രതിഷേധിച്ച് ഒരു കുടുംബം കെഎസ്എഫ്ഇ ഓഫീസിൽ കുത്തിയിരുന്നത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.വെള്ളാറിൽ പ്രവർത്തിക്കുന്ന കോവളം കെഎസ്എഫ്ഇ ബ്രാഞ്ചിലാണ് സംഭവം. ആഴാകുളം തൊഴിച്ചൽ അഖിലാഭവനിൽ പുരുഷോത്തമനും ഭാര്യയും മകളും അടങ്ങിയ കുടുംബമാണ് മാനേജർക്ക് കൈമാറിയ വീടിന്റെയും അഞ്ചു സെന്റ് വസ്തുവിന്റെയും പ്രമാണം തനിക്ക് ലഭിച്ചില്ലെന്ന മാനേജരുടെ നിലപാടിൽ പ്രതിഷേധിച്ച് ബ്രാഞ്ചോഫീസിനുള്ളിൽ കുത്തിയിരുന്നത്.
സംഭവം അറിഞ്ഞ് നാട്ടുകാരുംസ്ഥലത്ത് തടിച്ച് കൂടിയതാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. സംഭവത്തെ കുറിച്ച് പുരുഷോത്തമൻ പറയുന്നതിങ്ങനെ. കോവളം ബ്രാഞ്ചിൽ തനിക്കുണ്ടായിരുന്ന ചിട്ടികൾ നറുക്കിലൂടെ ലഭിച്ചിരുന്നു. ഇപ്പോൾ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഈ പൈസ ലഭിക്കാൻ ബ്രാഞ്ചിൽ ഈടായി നല്കാനായി വീടിന്റെ പ്രമാണവും അനുബന്ധ രേഖകളും ഹാജരാക്കണമെന്ന് കോവളം ബ്രാഞ്ച് മാനേജർ ആവശ്യപ്പെട്ടതനുസരിച്ച് ഇക്കഴിഞ്ഞ 29 ന് ഒറീജണൽ പ്രമാണവും രണ്ട് കോപ്പിയും മറ്റ് അനുബന്ധ രേഖകളും മാനേജർക്ക് കൈമാറിയിരുന്നു.
മാത്രമല്ല. ഡോക്യുമെന്റുകളുടെ ലീഗൽ വെരിഫിക്കേഷൻ ഫീസായ 1500 രൂപയും അടക്കാനാവശ്യപ്പെട്ടതനുസരിച്ച് ഇന്നലെ ഈ തുക അടച്ച രസീതുമായി മാനേജരെ കണ്ടപ്പോഴാണ് അസൽ പ്രമാണം തനിക്ക് ലഭിച്ചില്ലെന്ന് മാനേജർ നിലപാട് സ്വീകരിച്ചത്. താൻ പ്രമാണമടക്കമുള്ള മുഴുവൻ രേഖകളും കൈമാറിയതാണെന്നും തന്റെ സാന്നിധ്യത്തിൽ തന്നെ അസൽ പ്രമാണവും മറ്റ് രേഖകളും രണ്ട് കവറുകളിലാക്കി മാനേജരുടെ കാബിനിലെ സേഫിൽ വെച്ചതാണെന്ന് പലപ്രാവശ്യം പറഞ്ഞിട്ടും ഒന്നു പരിശോധിച്ചു നോക്കാൻ പോലും മാനേജർ തയാറായില്ല.
മകളുടെ വിവാഹം പടിവാതിൽക്കൽ നില്ക്കവെ തന്റെ ആകെയുള്ള അഞ്ചു സെന്റ് സ്ഥലത്തിന്റെയും വീടിന്റെയും പ്രമാണം ലഭിച്ചില്ലെന്ന മാനേജരുടെ നിലപാടിൽ പ്രതിഷേധിച്ച് പുരുഷോത്തമൻ കുടുംബ സമേതം ബ്രാഞ്ചോഫീസിൽ കുത്തിയിരിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കോവളം പോലീസ് കെഎസ്എഫ്ഇ റീജീയണൽ ഓ ഫീസിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ റീജണൽ ഓഫീസിലെ ഉദ്യോഗസ്ഥർ ബ്രാഞ്ചോഫീസിലെത്തി ആവശ്യമായ നടപടി സ്വീകരിക്കാം എന്നുറപ്പ് നല്കിതോടെയാണ് രാത്രി 7.30 ഓടെ കുത്തിയിരുപ്പ് സമരം അവസാനിപ്പിച്ചത്. സംഭവം അറിഞ്ഞ് ഫോർട്ട് എസി സുരേഷ് കുമാറും സ്ഥലത്തെത്തിയിരുന്നു.