എരുമേലി: എരുമേലി സർക്കാർ ആശുപത്രിയിൽ ഇന്നലെ 380 പേർക്ക് വാക്സിൻ നൽകി. 340 പേർക്ക് ആദ്യ ഡോസും 40 പേർക്ക് രണ്ടാമത്തെ ഡോസുമാണ് നൽകിയത്.
300 പേർ 60 വയസ് മുതൽ പ്രായമേറിയവരായിരുന്നു. മറ്റ് 80 പേരിൽ 40 പേർ ഓൺലൈൻ മുഖേനെ ബുക്ക് ചെയ്ത് എത്തിയവരും മറ്റ് 40 പേർ രണ്ടാം ഡോസ് കിട്ടാൻ താമസം നേരിട്ടവരുമായിരുന്നെന്ന് മെഡിക്കൽ ഓഫീസർ ഡോ. സീന ഇസ്മായിൽ പറഞ്ഞു.
ഇന്ന് 100 പേർക്ക് നൽകാനുള്ള വാക്സിൻ ആണ് സ്റ്റോക്ക് ഉള്ളത്. 18 മുതൽ 44 വയസുള്ള ഓൺലൈൻ മുഖേനെ ബുക്ക് ചെയ്യുന്നവർക്ക് 40 വാക്സിൻ ഇതിൽ നീക്കി വെച്ചിട്ടുണ്ട്.
ബാക്കി 60 വാക്സിൻ 60 വയസ് മുതലുള്ള വയോധികർക്കാണ് നൽകുക. വാർഡുകളിൽ ആശാ വർക്കർമാർ മുഖേനെ പഞ്ചായത്ത് അംഗങ്ങൾ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ ശേഖരിക്കുന്ന ലിസ്റ്റ് ക്രോഡീകരിച്ചാണ് നിലവിൽ വയോധികർക്ക് വാക്സിൻ നൽകുന്നത്.
വാക്സിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ട് കിട്ടാത്തവർക്ക് ലിസ്റ്റിൽ മുൻഗണന നൽകും. ലിസ്റ്റ് ക്രോഡീകരിച്ച ശേഷം ലിസ്റ്റിലുള്ളവരെ എസ്എംഎസ്, ഫോൺ കോൾ എന്നിവ മുഖേനെ വിവരം അറിയിക്കുമെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു.
ഒരേ സമയത്ത് ആളുകൾ ഒന്നിച്ചെത്തി കൂട്ടം കൂടാതിരിക്കാൻ വിവിധ വാർഡുകൾക്ക് വിവിധ സമയം ക്രമീകരിച്ചാണ് ആശുപത്രിയിൽ വാക്സിൻ നൽകുക.
സാമൂഹിക അകലം പാലിച്ച് ക്യൂ നിൽക്കാനും വയോധികർക്ക് വിശ്രമിക്കാനും സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്നും ഇത് ഉൾപ്പെടെ സഹായങ്ങൾക്ക് രണ്ട് പോലീസുകാർ സേവനത്തിനുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ലിസ്റ്റിൽ ഉൾപ്പെടാത്തവരെ ഇന്നലെ അധികൃതർ മടക്കി അയച്ചു.
എരുമേലിയിലെ 23 വാർഡുകളിൽ ചെറുവള്ളി എസ്റ്റേറ്റ്, പഴയിടം, കിഴക്കേക്കര, ചേനപ്പാടി ഒഴികെ മറ്റ് 19 വാർഡുകളിലെ ജനങ്ങൾക്കാണ് എരുമേലി ആശുപത്രിയിൽ വാക്സിൻ നൽകുക.
നാല് വാർഡുകളുടെ സേവന കേന്ദ്രം കറിക്കാട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രമാണ്.