തൊടുപുഴ: ഏലത്തോട്ടം തൊഴിലാളിയെ സുഹൃത്ത് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ ഭാര്യയുമായി കൊല്ലപ്പട്ടയാൾക്ക് മുൻപരിചയമുണ്ടായിരുന്നെന്ന് കണ്ടെത്തൽ.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് കുമളി അമരാവതി ഒന്നാം മൈലിൽ പറങ്കിമാമൂട്ടിൽ സജീവനെ (54) സുഹൃത്തായ ചക്കുപള്ളം പന്ത്രണ്ടാം വാർഡ് മേനോൻമെട്ട് കോളനിയിലെ തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബാലകൃഷ്ണന്റെ (29 ) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ബാലകൃഷ്ണനെയും ഭാര്യ ശാന്തി (30) യെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് സജീവൻ മരിച്ചെന്നായിരുന്നു ബാലകൃഷ്ണൻ ആദ്യം നൽകിയ മൊഴി.
എന്നാൽ സജീവന്റെ കഴുത്തിൽ കണ്ടെത്തിയ മുറിപ്പാടുകൾ സംഭവം കൊലപാതകമാണെന്ന സംശയത്തിലേക്കു വീരൽ ചൂണ്ടി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.
ബാലകൃഷ്ണനും സജീവനും തമ്മിൽ കൊലപാതകത്തിനു മുൻപ് രണ്ടു ദിവസത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ശാന്തിയ്ക്ക് നേരത്തെ തന്നെ സജീവനുമായി അടുത്ത പരിചയമുണ്ടായിരുന്നതായി കുമളി എച്ച്എസ്ഒ ജോബിൻ ആന്റണി പറഞ്ഞു.
ചക്കുപള്ളത്തെ തോട്ടത്തിൽ പണിക്കെത്തിയ സജീവനും ബാലകൃഷ്ണനും സുഹൃത്തുക്കളായിരുന്നു. ദീപാവലിയോടനബന്ധിച്ച് വെള്ളിയാഴ്ച്ച രാത്രിയിൽ ഇരുവരും ബാലകൃഷ്ണന്റെ വീട്ടിലെത്തി. തുടർന്ന് വീട്ടിലിരുന്ന് മദ്യപിച്ചു.
മദ്യലഹരിയിൽ ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടാകുകയും ഇത് അടിപിടിയിലേക്ക് നീങ്ങുകയുമായിരുന്നു. ബാലകൃഷ്ണൻ സജീവനെ വിറകു കന്പിനടിച്ചു വീഴ്ത്തുകയും പിന്നീട് സാരി ഉപയോഗിച്ച് കഴുത്തു ഞെരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
രാവിലെയാണ് ബാലകൃഷ്ണൻ അയൽവാസികളോട് വിവരം പറയുന്നത്. നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിലും മരണം കൊലപാതകമാണെന്ന് ഉറപ്പായി.
സജീവനും ശാന്തിയും തമ്മിൽ നേരത്തെ ഏലത്തോട്ടത്തിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. എന്നാൽ ഇക്കാര്യം ബാലകൃഷ്ണൻ അറിഞ്ഞിരുന്നില്ല.
ഇവർ തമ്മിൽ പിന്നീട് അടുപ്പമില്ലായിരുന്നെന്ന് പറയപ്പെടുന്നു. എന്നാൽ ഇവർ തമ്മിലുള്ള മുൻപരിചയം കൊലയ്ക്കു കാരണമായിട്ടില്ലെന്നാണ് ആദ്യ അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.