പുതുവർഷത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ-സ്മാർട്ട് ജനുവരി ഒന്നിനു പ്രവർത്തനമാരംഭിക്കുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ ഓഫീസുകളിൽ പോകാതെ തന്നെ സമയബന്ധിതമായി പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന് അദ്ദേഹം അറിയിച്ചു.
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി ഒന്നാം തിയതി രാവിലെ 10.30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ആദ്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു സേവനങ്ങളെല്ലാം തന്നെ ഓൺലൈനായി ലഭിക്കുന്ന സംവിധാനം സ്ഥാപിതമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
പുതുവർഷത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാകാൻ പോകുന്നു. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് 2024 ജനുവരി ഒന്നിനു പ്രവർത്തനമാരംഭിക്കുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ ഓഫീസുകളിൽ പോകാതെ തന്നെ സമയബന്ധിതമായി പൊതുജനങ്ങൾക്ക് ലഭ്യമാവും.
ഔദ്യോഗിക ഉദ്ഘാടനം അന്നേ ദിവസം രാവിലെ 10.30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽവച്ച് നടക്കും. കേരളത്തിലെ എല്ലാ മുൻസിപ്പൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തിൽ കെ-സ്മാർട്ട് വിന്യസിക്കുന്നത്. ഏപ്രിൽ ഒന്നിന് ഗ്രാമപഞ്ചായത്തുകളിലേക്കും സേവനം വ്യാപിപ്പിക്കും.
രാജ്യത്താദ്യമായിട്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു സേവനങ്ങളെല്ലാം ഓൺലൈനായി ലഭിക്കുന്ന ഇത്തരമൊരു സംവിധാനം സ്ഥാപിതമാകുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത, സുതാര്യത എന്നിവയെല്ലാം വർധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരന്മാർക്ക് സേവനം അതിവേഗം ലഭ്യമാക്കാനും ഇതിലൂടെ കഴിയും. പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക.