കറുകച്ചാൽ: പങ്കാളികളെ പരസ്പരം കൈമാറിയ കേസിൽ വഴിമുട്ടി പോലീസ് അന്വേഷണം.
കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ പങ്കാളികളെ കൈമാറ്റവുമായി ബന്ധപ്പെട്ട് 14 നവ മാധ്യമ കൂട്ടായ്മകൾ കണ്ടെത്തിയിരുന്നു.
പതിനായിരക്കണക്കിന് ആളുകളാണ് ഇത്തരം കൂട്ടായ്മകളിലുള്ളത്. മറ്റാരും പുതിയ പരാതികൾ നൽകാത്തതിനാലാണ് ഇപ്പോൾ അന്വേഷണം വഴിമുട്ടിനിൽക്കുന്നത്.
പ്രതികളുടെ ഫോണുകൾ, ലാപ്ടോപ്പുകൾ, നവമാധ്യമ കൂട്ടായ്മകൾ എന്നിവ പരിശോധിച്ചപ്പോൾ ലൈംഗിക ദൃശ്യങ്ങളടക്കം നിരവധി തെളിവുകൾ ലഭിച്ചിരുന്നു.
ഇത്തരം വീഡിയോകൾ കാട്ടി ഭീഷണിപ്പെടുത്തി നിരവധി പേരെ പീഡനത്തിനിരയാക്കുന്നതായാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.
തുടരന്വേഷണം നടക്കുന്പോൾ കൂടുതൽ പേർ കുടുങ്ങുമെന്നാണ് പോലീസ് കുരുതിയത്. എന്നാൽ പരാതികളില്ലാത്തത് പോലീസിന്റെ അന്വേഷണത്തിനും വെല്ലുവിളിയായിരിക്കുകയാണ്.
പരാതി നൽകി കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഏഴ് പ്രതികളെയും പിടികൂടാൻ പോലീസിന് കഴിഞ്ഞെന്നും കറുകച്ചാൽ പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും തനിക്കും കുടുംബത്തിനും നീതി കിട്ടുമെന്ന് ഉറപ്പുണ്ടെന്നും പരാതിക്കാരിയുടെ സഹോദരൻ പറഞ്ഞു.
സംഭവ ശേഷം ഒളിവിൽ പോയ പാലാ സ്വദേശിയെ കറുകച്ചാൽ പോലീസ് ബുധനാഴ്ച കിടങ്ങൂരിൽ നിന്നും പിടികൂടിയിരുന്നു.
എറണാകുളം, കൊല്ലം സ്വദേശികളായ രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്. കൊല്ലം സ്വദേശി സൗദിയിലേക്ക് കടന്നതായാണ് സൂചന.
ഇവരെ കണ്ടെത്താനായി അന്വേഷണം ഉൗർജിതമാക്കി. ഈ മാസം എട്ടിനാണ് യുവതിയും കുടുംബവും കറുകച്ചാൽ പോലീസിൽ പരാതി നൽകിയത്.
ഭർത്താവടക്കം അഞ്ചുപേരെ ഒന്പതിന് പിടികൂടാനായത് പോലീസിന്റെ നേട്ടമാണ്. പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ സ്റ്റേഷൻ ഓഫീസർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണമാണ് ഒറ്റ ദിവസം കൊണ്ട് ആറു പ്രതികളെ പിടികൂടാൻ സഹായിച്ചത്.
യുവതിയിൽനിന്നും ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സ്കാർഡുകളായി തിരിഞ്ഞ് ഒരേ സമയം അന്വേഷണം ആരംഭിച്ചു.
സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോണ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.