സ്വന്തം ലേഖകന്‍
കോഴിക്കോട്: വടക്കന്‍ ജില്ലകളിലേക്കുള്ള കഞ്ചാവ് ആന്ധ്രയിലെ കാക്കിനടയില്‍ ഭദ്രം. കാക്കിനടയില്‍ നിന്ന് കഞ്ചാവ് മൊത്തമായി ശേഖരിച്ചാണ് കോഴിക്കോട്, കണ്ണൂരുള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളിലേക്ക് എത്തിക്കുന്നത്.
കാക്കിനടയില്‍ ഒരു കിലോ കഞ്ചാവിന് 20,000 രൂപയ്ക്കാണ് ലഹരിക്കടത്ത് സംഘം വാങ്ങുന്നതെന്ന് എക്സൈസ് ഇന്റലിജന്‍സ് വിഭാഗം വ്യക്തമാക്കി.
ഇവ കേരളത്തിലെത്തിയാല്‍ 40,000 മുതല്‍ 50,000 രൂപവരെയാണ് ഈടാക്കുന്നത്. ഇന്നലെ ട്രയിനില്‍ നിന്ന് ആര്‍പിഎഫും എക്സൈസും പിടികൂടിയ കഞ്ചാവും കാക്കിനടയില്‍ നിന്ന് എത്തിച്ചതായിരുന്നു.
സംഭവത്തില്‍ അറസ്റ്റിലായ തലശേരി താലൂക്കില്‍ അറക്കിലകത്ത് ഖലീലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അടുത്ത ദിവസം ഖലീലിനെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യുമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു.
കച്ചവടത്തിന് മലയാളി ഏജന്റുമാര്‍
കാക്കിനടയിലെ കഞ്ചാവ് ലോബിയുമായി മലയാളി ഏജന്റുമാര്‍ക്ക് അടുത്ത ബന്ധമാണുള്ളതെന്നാണ് എക്സൈസിന്റെ കണ്ടെത്തല്‍.
മലയാളികള്‍ കാക്കിടനടയില് എത്തിയാലുടന്‍ ഏജന്റുുമാര്‍ ആവശ്യം തിരക്കിയെത്തും. കുറഞ്ഞ ചെലവില്‍ കഞ്ചാവ് ലഭ്യമാക്കാമെന്നും ഇവര്‍ അറിയിക്കും.
മൊത്ത വിതരണക്കാരാണെങ്കില് പകുതിയിലേറെ വില കുറച്ചാണ് നല്‍കാറുള്ളത്. ഇത്തരത്തിലുള്ള ഏജന്റുുമാര്‍ വഴി ഖലീല്‍ പതിവായി കഞ്ചാവ് എത്തിക്കാറുണ്ടെന്നാണ് എക്സൈസിന് ലഭിച്ച വിവരം.
കാക്കിനടയില്‍ നിന്ന് ട്രയിനില്‍ പാര്‍സലായാണ് കഞ്ചാവ് അയയ്ക്കുന്നത്. ചെന്നൈയിലേക്ക് ആദ്യം അയയ്ക്കുക. അവിടെ നിന്ന് തലശേരിയിലേ്ക്ക് അയയ്ക്കുകയാണ് പതിവ്.
ആര്‍പിഎഫിന്റെയും എക്സൈസിന്റെയും പോലീസിന്റെയും പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനാണ് കഞ്ചാവ് മത്സ്യപ്പെട്ടിക്കൊപ്പം പാര്‍സലായി അയയ്ക്കുന്നത്.
ഡോഗ്സ്ക്വാഡിന്റെപരിശോധനയില് പോലും മത്സ്യത്തിന്റെ ഗന്ധമുള്ളതിനാല്‍ കഞ്ചാവ് തിരിച്ചറിയാന്‍ സാധിക്കില്ല. കഞ്ചാവ് പാര്‍സലായി അയച്ച ട്രയിനില്‍ യാത്ര ചെയ്യാതെ മറ്റു ട്രയിനുകളിലായിരുന്നു ഖലീല്‍ നാട്ടിലേക്ക് എത്താറുള്ളത്.
ഇന്നലെ രാവിലെ ചെന്നൈ – മംഗലാപുരം മെയിലില്‍ എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും ആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പാര്‍സല്‍ വാഗണില്‍ മത്സ്യ പാര്‍സലിന്റെ കൂടെ ഒളിപ്പിച്ചു വച്ച നിലയില്‍ കഞ്ചാവ് കണ്ടെടുത്തത്.
കഞ്ചാവ് കടത്തികൊണ്ടു വരുന്നത് സംബന്ധിച്ച് ഉത്തരമേഖല ഐബി അസി. എക്സൈസ് കമ്മീഷണര്‍ വൈ. ഷിബുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരന്നു പരിശോധന.