നീലേശ്വരം: 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കുചേരാന്‍ പത്തുരൂപയ്ക്ക് ബസ് യാത്രയൊരുക്കി കാലിച്ചാനടുക്കം ജനകീയ ബസ്.
ഓഗസ്റ്റ് 15ന് കാലിച്ചാനടുക്കത്തു നിന്നും കാഞ്ഞങ്ങാട്ടേക്കും തിരിച്ചുമുള്ള എല്ലാ ട്രിപ്പുകളിലും എല്ലാ യാത്രക്കാരോടും മിനിമം ചാര്‍ജായ പത്തു രൂപ മാത്രമായിരിക്കും ഈടാക്കുകയെന്ന് ബസിന്റെ നടത്തിപ്പുകാരായ കാലിച്ചാനടുക്കം ജനകീയ വികസന സമിതി പ്രസിഡന്റ് ടോം വടക്കുംമൂല അറിയിച്ചു.
കാലിച്ചാനടുക്കം മുതല്‍ കാഞ്ഞങ്ങാട് വരെ എവിടെനിന്നും എവിടേക്ക് കയറിയാലും പത്തുരൂപ മാത്രമാകും ടിക്കറ്റ് ചാര്‍ജ്. പുതുക്കിയ ബസ് ചാര്‍ജ് പ്രകാരം 38 രൂപയാണ് കാലിച്ചാനടുക്കത്തുനിന്നും കാഞ്ഞങ്ങാട്ടേക്കുള്ള ടിക്കറ്റ് നിരക്ക്.
സ്വകാര്യ ബസ് വ്യവസായം കനത്ത നഷ്ടത്തെ അഭിമുഖീകരിക്കുമ്പോഴും പൊതുഗതാഗത സംവിധാനത്തിന്റെ സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടിയാണ് സ്വാതന്ത്ര്യദിനത്തില്‍ സൗജന്യനിരക്കില്‍ യാത്ര ഒരുക്കുന്നതെന്ന് ജനകീയ സമിതി ഭാരവാഹികള്‍ പറഞ്ഞു.
നേരത്തേ ബസ് ചാര്‍ജ് കൂട്ടിയപ്പോഴും ദീര്‍ഘകാലം പഴയ നിരക്കില്‍ തന്നെ സര്‍വീസ് നടത്തിയും കാലിച്ചാനടുക്കം ജനകീയ ബസ് ശ്രദ്ധ നേടിയിരുന്നു.
ഡീസല്‍ വില വര്‍ധന മൂലം നടത്തിപ്പ് തന്നെ പ്രതിസന്ധിയിലായപ്പോഴാണ് നിരക്ക് പരിഷ്കരിക്കേണ്ടിവന്നത്.
പ്രതികൂല സാഹചര്യങ്ങള്‍ക്കിടയില്‍ ജില്ലയിലെ മിക്ക ജനകീയ ബസ് സംരംഭങ്ങളും ഓട്ടം നിര്ത്തേണ്ടിവന്നിട്ടും ദശകങ്ങളായി തികഞ്ഞ സാമൂഹിക ഉത്തരവാദിത്വത്തോടെ ജനകീയ ബസ് നടത്തിക്കൊണ്ടുപോകാന്‍ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്.
ടോം വടക്കുംമൂല – പ്രസിഡന്റ്, കെ.കുഞ്ഞിക്കൊട്ടന്-വൈസ് പ്രസിഡന്റ്, അഡ്വ.സി.ദാമോദരന്‍ – സെക്രട്ടറി, ബേബി പുതുപ്പറമ്പില്‍ – ജോയിന്റ് സെക്രട്ടറി, എം.അനീഷ്കുമാര്‍ – ട്രഷറര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഇപ്പോള്‍ സമിതിയെ നയിക്കുന്നത്