കാസര്‍ഗോഡ്: നീറ്റ് (നാഷണല്‍ എലിജിബിലിറ്റി ആന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ്) പരീക്ഷയില്‍ 31-ാം റാങ്കിന്റെ തിളക്കവുമായി കാസര്‍ഗോട്ടുകാരി ഹൃദ്യലക്ഷ്മി ബോസ്. 720ൽ 687 മാർക്ക് നേടിയ ഹൃദ്യലക്ഷ്മിക്ക് ഒരു മാർക്ക് വ്യത്യാസത്തിനാണ് സംസ്ഥാനത്ത് ഒന്നാംറാങ്ക് നഷ്ടമായത്. ദേശീയ തലത്തില്‍ ഏറ്റവും മുന്നിലെത്തിയ അഞ്ചുപെണ്കുട്ടികളില് ഒരാളും ഹൃദ്യ എന്നത് ഈ നേട്ടത്തിന് കൂടുതല്‍ ചാരുത പകരുന്നു.
പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിൽ ഒരുവർഷത്തെ പരിശീലനത്തിനൊടുവിലാണ് ഹൃദ്യലക്ഷ്മി ഈ നേട്ടം കൈവരിച്ചത്. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ കാസര്‍ഗോഡ് കേന്ദ്രീയ വിദ്യാലയത്തിലാണ് പഠിച്ചിരുന്നത്. പത്തിൽ എല്ലാവിഷയത്തിലും എ വൺ ഗ്രേഡും 12ൽ 96.4 ശതമാനം മാർക്കും ലഭിച്ചു. സ്കൂള്‍ തലത്തില്‍ സയന്‍സ് ഒളിമ്പ്യാഡ് ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
കാസര്‍ഗോഡ് മധൂര്‍ മന്നിപ്പാടി വിവേകാനന്ദ നഗറിലെ ടി.പി.ബോസ്-ടി.എൻ.ജെമിനി ദമ്പതികളുടെ മകളാണ്. കോട്ടയം കുറുപ്പുന്തറ സ്വദേശികളാണ് ബോസും ജെമിനിയും. ബോസ് ഡല്‍ഹിയിൽ ഇലക്ട്രിക്കൽ എൻജിനിയറിംഗ് കന്പനിയിൽ പ്രോജക്ട് മാനേജരാണ്. കാസർഗോഡ് ജിഎച്ച്എസ്എസിൽ ഫിസിക്സ് അധ്യാപികയാണ് ജെമിനി.
ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്), ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് (ജിപ്മെര്‍) എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷകള്‍ എഴുതിയിട്ടുണ്ടെന്നും അതിന്റെ ഫലം വന്നതിന് ശേഷം മാത്രമേ എവിടെ ചേര്‍ന്ന് പഠിക്കണമെന്ന് തെരഞ്ഞെടുക്കുകയുള്ളുവെന്നും ഹൃദ്യ ലക്ഷ്മി പറഞ്ഞു. ഏക സഹോദരന് ആനന്ദ് പ്രഭാബോസ് പ്ലസ് ടു പഠനം പൂർത്തിയാക്കി ഉപരിപഠനത്തിന് തയാറെടുക്കുകയാണ്.