കാസര്‍ഗോഡ്: കോവിഡ് 19 വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ജില്ലയുടെ എല്ലാ ഭാഗങ്ങളിലും പോലീസ് സേനയെ വിന്യസിപ്പിച്ചു.
അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യാന്‍ 10 വാഹനങ്ങളിലായി 50 പൊലീസുകാരെ നിയോഗിക്കും. പുറത്തിറങ്ങുന്നവരുടെ ആവശ്യം ചോദിച്ച് വ്യക്തമാക്കിയാലേ പോകാന്‍ അനുവദിക്കൂ.
പകല്‍ 11 മുതല്‍ വൈകിട്ട് 5 വരെ തുറക്കുന്ന കടകള്‍ക്ക് മുന്നില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരെ കൂട്ടംകൂടി നില്ക്കാന് അനുവദിക്കില്ലെന്നും ജില്ലാ പൊലീസ് മേധാവി പി എസ് സാബു അറിയിച്ചു.
ഏറ്റവുമധികം കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ജില്ലയുടെ വടക്കന്‍ ഭാഗങ്ങളില്‍ രോഗവ്യാപനത്തിന്റെ രൂക്ഷതയെക്കുറിച്ചുള്ള അജ്ഞതയും തെറ്റായ പ്രചാരണങ്ങളും കൊണ്ട് ഇപ്പോഴും ഒരു വിഭാഗം ആളുകള്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ വിസമ്മതിക്കുന്നതായാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.
ജില്ലയില്‍ ഇപ്പോഴും രോഗത്തിന്റെ സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ലെന്ന് കണക്കുകൂട്ടുമ്പോഴും ഈ രീതിയിലുള്ള പെരുമാറ്റം കൊണ്ട് അധികം താമസിയാതെ അത് സംഭവിച്ചേക്കാമെന്ന ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ അത്യധികം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
ജില്ലാ വടക്കന്‍ മേഖലാ ഐജി അശോക്യാദവ്, എറണാകുളം സിറ്റി പൊലീസ് കമീഷണര്‍ വിജയ സാഖറെ, ഡിഐജി സേതുരാമന്, കോട്ടയം കൈംബ്രാഞ്ച് എസ്പി സാബുമാത്യു, ടെലികമ്യൂണിക്കേഷന്‍ എസ്പി ഡി ശില്പ എന്നിവര്പോലീസ് സംവിധാനത്തിന് നേതൃത്വം നല്‍കും.ജില്ലയില്‍ ഇപ്പോള്‍ 2470 പേരാണ് നിരീക്ഷണത്തിലുള്ളത്.
ഇതില്‍ 61 പേര് ആശുപത്രികളിലെ ഐസോലേഷന് വാര്‍ഡിലാണ് നിരീക്ഷണത്തിലുള്ളത്. 825 പേരെ കൊറോണ നിയന്ത്രണത്തിനുള്ള ജില്ലാ കേന്ദ്രത്തില്‍ നിന്ന് നേരിട്ട് നിരീക്ഷിച്ചു വരുന്നു ബാക്കി 1584 പേരെ വിവിധ പഞ്ചായത്ത് – നഗരസഭാ വാര്‍ഡുകളില്‍ ജാഗ്രതാ സമിതികളുടെ നേതൃത്വത്തില്‍ നിരീക്ഷിച്ചു വരുന്നതായും ഡി എം ഒ ഡോ.എ.വി. രാംദാസ് അറിയിച്ചു.
വിദേശരാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ച് ഒന്നുമുതല്‍ ജില്ലയിലെത്തിയവരുടെ പേരുവിരം ജില്ലാ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നാലായിരത്തോളം പേരാണ് മംഗളൂരു, കണ്ണൂര്‍, കരിപ്പൂര്‍, നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയെത്തിയത്.
ഇവരുടെ വീടുകളില്‍ അതാത് സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥരെത്തി കാര്യങ്ങള്‍ അന്വേഷിക്കും. നിരീക്ഷണ കാലയവളവ് പാലിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും.
ഉത്തരമേഖലാ ഡിഐജി സേതുരാമന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതിനായുള്ള തീരുമാനമെടുത്തത്.
അതേസമയം എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം പരിശോധനയ്ക്കയച്ച ഏതാനും പേരുടെ സാമ്പിളുകള്‍ നെഗറ്റീവായത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശുഭസൂചനയായി.
ജില്ലയില്‍ രോഗത്തിന്റെ സാമൂഹ്യവ്യാപനം തുടങ്ങിയിട്ടില്ലെന്നതിന്റെ തെളിവായാണ് ഇതിനെ വിലയിരുത്തുന്നത്. 179 പേരുടെ പരിശോധനാഫലമാണ് ഇനി വരാനുള്ളത്.
ഇതില്‍ മുപ്പതു ശതമാനത്തോളം പോസിറ്റീവാകാനിടയുണ്ടെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ഇവരിലേറെയും ഗള്‍ഫില്‍ നിന്നെത്തിയവരും അവരുടെ അടുത്ത ബന്ധുക്കളുമാണ്. ഇതോടെ ജില്ലയില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം നൂറിനടുത്തെത്തിയേക്കാം.
എന്നാല്‍ ഇവരെയെല്ലാം നേരത്തേ ഐസൊലേഷന്‍ വാര്ഡുകളിലാക്കിയതിനാല് ഇവരില്‍ നിന്ന് മറ്റാര്‍ക്കും രോഗം പകര്ന്നുകിട്ടാതിരുന്നാല് രോഗബാധിതരുടെ എണ്ണം ഇതില്‍ ഒതുങ്ങിനില്ക്കുമെന്നാണ് പ്രതീക്ഷ.