എം.ജെ.ശ്രീജിത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാകുന്പോഴും മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണം വൻതോതിൽ കൂടുന്നു.
കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ അന്പതിനായിരത്തിലധികം പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇന്നലെയാണ് ഏറ്റവും കൂടുതൽ പേർക്കെതിരെ കേസെടുത്തത്.
ഇന്നലെ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 26,865 പേർക്കെതിരെ പിഴ ചുമത്തുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണത്തിൽ തിരുവനന്തപുരം ജില്ലയാണ് മുന്നിൽ. പോലീസും ആരോഗ്യ വകുപ്പും ബോധവത്കരണവും കേസെടുക്കുന്നതുൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകുന്പോഴാണ് മാസ്ക് ധരിക്കുന്നതിൽ അലംഭാവം കാണിക്കുന്നവരുടെ എണ്ണം കൂടുന്നത്.
പിടികൂടുന്നവരിൽ അധികം അനാവശ്യമായി പുറത്തിറങ്ങുന്നവരാണ്. ഇവരിൽ പലരും മുന്പും മാസ്ക് ധരിക്കാത്തതിന് പിഴ നൽകിയവരാണ്.
ഇത്തരക്കാർക്കെതിരെ കർശന നടപടി തന്നെ സ്വീകരിക്കണമെന്ന നിലപാടിലാണ് പോലീസ്.
വാഹനം പിടിച്ചെടുക്കും
ഇന്നുമുതൽ നടപടികൾ കൂടുതൽ ശക്തമാക്കാനാണ് പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും തീരുമാനം.
കഴിഞ്ഞ ദിവസങ്ങളിൽത്തന്നെ കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കുള്ള പിഴശിക്ഷ കൂട്ടണമെന്ന നിർദേശം പോലീസ് സർക്കാരിനു നൽകിയിരുന്നു.
ഇതിന്റെ ഉത്തരവ് വരും ദിവസങ്ങളിൽ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.
വാഹനവുമായി പുറത്തിറങ്ങി രണ്ടു തവണയിലധികം കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാൽ വാഹനം പിടിച്ചെടുത്തു കോടതിയിൽ ഹാജരാക്കും.
മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കൂടുതൽ നടപടികൾ എന്തെല്ലാമാണെന്നു വരും ദിവസങ്ങളിൽ നിശ്ചയിക്കും.