പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസി ബസുകളിൽ ജീവനക്കാരും യാത്രക്കാരും ശരിയായ രീതിയിൽ മാസ്ക് ധരിക്കുന്നുണ്ടോ എന്ന പരിശോധന കർശനമാക്കുന്നു.
ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ പരിശോധന കർശനമാക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് വിഭാഗത്തിന് ഉത്തരവ് നല്കി. സ്ക്വാഡ് ഇൻസ്പെക്ടർമാർ ബസുകളിൽ പരിശോധന നടത്തും.
ബസുകളിലെ ജീവനക്കാരും ശരിയായ രീതിയിൽ മുഖാവരണം ധരിക്കാറില്ലെന്ന് പരാതി ഉണ്ടെന്നും ഉത്തരവിൽ ചുണ്ടിക്കാട്ടുന്നു. മാസ്ക് ധരിക്കാതിരിക്കുക, മാസ്ക് താഴ്ത്തി താടിയിൽ വയ്ക്കുക, ബസുകളിൽ കയറിയാൽ ഊരിമാറ്റുക തുടങ്ങിയവയാണ് പരാതികൾ.
ഇത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷനിലും പരാതി ലഭിക്കുകയും കേസ് എടുക്കുകയും ചെയ്തതായും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
വിജിലൻസ് വിഭാഗം സ്ക്വാഡ് ഇൻസ്പെക്ടർമാർ ദിവസവും നിശ്ചിത സർവീസുകളിൽ പരിശോധന നടത്തണം. ഇതിന് ഇൻസ്പെക്ടർമാരെ വിജിലൻസ് വിഭാഗം മേധാവി നിയമിക്കണം.
എന്നാൽ ശരിയായ രീതിയിൽ മുഖാവരണം ധരിക്കാത്തവരെ കണ്ടെത്തിയാൽ അവർക്ക് എന്ത് ശിക്ഷ നല്കണമെന്നത് ഉത്തരവിൽ വ്യക്തമാക്കുന്നില്ല.
മുഖാവരണം ശരിയായ രീതിയിൽ ധരിക്കാത്തവരെക്കുറിച്ച് പോലീസിനോ ആരോഗ്യ വകുപ്പിനോ റിപ്പോർട്ട് ചെയ്യണമോ എന്ന കാര്യത്തിലും വ്യക്തതയില്ല.