പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിൽ സർവീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ അനന്തരാവകാശികൾക്ക് കാലതാമസമില്ലാതെ വിതരണം ചെയ്യാൻ നീക്കം.
ജീവനക്കാർ മരണപ്പെട്ടാൽ അനന്തരാവകാശികളുടെ അപേക്ഷയും മരണ സർട്ടിഫിക്കറ്റും മറ്റ് രേഖകളും ഒരു മാസത്തിനകം തന്നെ ജില്ലാ ഓഫീസർമാർ ചീഫ് ഓഫീസിൽ എത്തിക്കണമെന്നാണ് ഇന്നലെ ഇറക്കിയ ഉത്തരവ്.
മരണപ്പെട്ട ജീവനക്കാരുടെ പേരു് അടിയന്തിരമായി എ ആൻഡ് വി വിഭാഗം ഒഴിവാക്കുകയും വേണം.ഏതെങ്കിലും ജീവനക്കാരുടെ മരണ വിവരം എ ആൻഡ് വി വിഭാഗത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ ഉടൻ തന്നെ യൂണിറ്റ് ഓഫീസർമാർ ഈ വിവരം ചീഫ് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.
പേഴ്സണൽ ആക്സിഡന്റ് ബനിഫിറ്റ് ക്ലെയിം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനന്തരാവകാശികൾക്ക് എത്രയും വേഗം ലഭ്യമാക്കാനാണ് നീക്കം.
നിലവിൽ ഈ ആനുകൂല്യങ്ങൾ ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. വിരമിച്ച ജീവനക്കാർക്കും അർഹതയുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാനും മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നു.
സമീപകാലത്ത് വിരമിച്ച ജീവനക്കാർക്ക് ഒരു വർഷമായിട്ടും ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല. കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.