മൂന്നാർ: വിനോദസഞ്ചാരികൾക്ക് മൂന്നാറിന്റെ ദൃശ്യമനോഹാരിത മനം നിറയെ ആസ്വദിക്കാൻ കെഎസ്ആർടിസി റോയൽ വ്യൂ എന്ന പേരിൽ തുടക്കം കുറിച്ച ഡബിൾ ഡെക്കർ ബസ് സർവീസിന് ആവേശകരമായ പ്രതികരണം. ഹൈറേഞ്ചിൽ ആദ്യമായി എത്തിയ സർവീസിന് സഞ്ചാരികളിൽനിന്നു വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ദിവസങ്ങൾക്കുള്ളിൽ തന്നെ സർവീസ് ഹിറ്റായതോടെ കെഎസ്ആർടിസി ഉദ്യോഗസ്ഥരും ആഹ്ലാദത്തിലാണ്. ഒരാഴ്ച പിന്നിടുന്പോൾ തന്നെ എഴുനൂറോളം പേരാണ് ബസിൽ സഞ്ചരിച്ച് രാജകീയ കാഴ്ചകൾ ആസ്വദിച്ചത്. ഇതിനോടകം 1,80,000 രൂപയോളം വരുമാനം നേടുകയും ചെയ്തു.
ഒരു സർവീസിൽ അന്പതു പേർക്ക് യാത്ര ചെയ്യാം. മുകൾ നിലയിൽ 38 സീറ്റും താഴത്തെ നിലയിൽ 12 സീറ്റുമാണുള്ളത്. മുകൾ നിലയിൽ 400 രൂപയും താഴെ 200 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എല്ലാ യാത്രക്കാർക്കും ഒരു പോലെ ബസിനുള്ളിൽ ഇരുന്നു കാഴ്ച കാണുന്ന വിധത്തിലുള്ള രൂപകൽപ്പന ജനങ്ങളെ ആകർഷിക്കുന്നുണ്ട്.
മൂന്നു സർവീസുകളിൽനിന്നായി അരലക്ഷത്തിലധികം രൂപ ദിവസേന വരുമാനമുണ്ടാക്കാൻ സാധിക്കുന്നതിനാൽതന്നെ പദ്ധതി വലിയ വിജയമായിട്ടാണ് കെഎസ്ആർടിസി കരുതുന്നത്. സീറ്റിംഗ് കപ്പാസിറ്റി പരമാവധി ഉപയോഗിച്ചാൽ ഒരു ട്രിപ്പിൽനിന്നു 17,600 രൂപ വരുമാനം ലഭിക്കും.
മൂന്നു ട്രിപ്പുകൾ ആകുന്പോൾ വരുമാനം അരലക്ഷത്തിലധികം കവിയും. മൂന്നാർ ഡിപ്പോയിൽനിന്നു രാവിലെ ഒൻപത്, ഉച്ചയ്ക്ക് 12.30, വൈകുന്നേരം നാല് എന്നീ സമയങ്ങളിലാണ് സർവീസുകൾ.
കൊച്ചി -ധനുഷ്കോടി ദേശീയ പാതയിൽ മൂന്നാർ മുതൽ ലോക്ക് ഹാർട്ട്, ഗ്യാപ്പ് മലയിൽ കള്ളൻ ഗുഹ, പെരിയകനാൽ വെള്ളച്ചാട്ടം എന്നിവിടങ്ങൾ സന്ദർശിച്ച് ആനയിറങ്കലിൽ സർവീസ് അവസാനിക്കും.
ഇരു വശത്തും പച്ച പുതച്ച തേയിലക്കാടുകളും ലോക്കാട് ഗ്യാപ്പിലെ മഞ്ഞും ആനയിറങ്കൽ ഡാമിലെ വശ്യമനോഹര കാഴ്ചകളും സഞ്ചാരികളെ ഹരം കൊള്ളിക്കും. മൂന്നു മണിക്കൂർ കൊണ്ട് ഒരു സർവീസ് പൂർത്തിയാക്കും.
കെഎസ്ആർടിസി വെബ് സൈറ്റിലൂടെ നേരത്തേ സർവീസ് ബുക്ക് ചെയ്യാമെന്നതിനാൽ സംഘമായി എത്തുന്നവർക്കും ഒരുമിച്ച് യാത്ര ചെയ്ത് കാഴ്ചകൾ റോയൽ ആക്കാം. റോയൽ വ്യൂ ഡബിൾ ഡെക്കർ എന്ന് സെർച്ച് ചെയ്താലും ബുക്കിംഗ് ചെയ്യാൻ കഴിയും.