കണ്ടക്ടര്‍ ഇല്ലാതെ കെഎസ്ആര്‍ടിസി ബസ് ഓടി. കാര്യമറിഞ്ഞപ്പോള്‍ ഡ്രൈവര്‍ വണ്ടി ഒതുക്കി. യാത്രക്കാര്‍ ഇറങ്ങി അടുത്ത ബസുതേടി. ഇന്നലെ രാത്രി എട്ടുമണിയോടെ ആലുവയിലായിരുന്നു സംഭവം. കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നിന്നും തൃശൂര്‍ക്ക് പോകുന്ന ബസാണ് കിളിയില്ലാതെ പാഞ്ഞത്.
ഡബിള്‍ ബെല്ല് കൊടുത്തത് ആരെന്ന് അജ്ഞാതം. സ്റ്റാന്‍ഡില്‍ നിന്നും യാത്ര പുറപ്പെട്ട ബസില്‍ നിയന്ത്രിക്കാന്‍ കണ്ടക്ടര്‍ ഇല്ലെന്ന കാര്യം യാത്രക്കാര്‍ തന്നെയാണ് ഡ്രൈവറെ അറിയിച്ചത്. തുടര്‍ന്ന് ഡ്രൈവര്‍ ബസ് ബൈപ്പാസ് ജംഗ്ഷനില്‍ സൈഡാക്കുകയായിരുന്നു. യാത്രക്കാരാകട്ടെ കണ്ടക്ടര്‍ക്കു വേണ്ടി കാത്തുനില്‍ക്കാതെ കിട്ടിയ ബസിന് കൈകാട്ടി കയറി പോവുകയും ചെയ്തു. അറിയാതെ സംഭവിച്ച അബദ്ധത്തില്‍ യാത്രക്കാര്‍ക്ക് പരാതിയും ഉണ്ടായിരുന്നില്ല. അതേസമയം, സംഭവത്തില്‍ കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങിയിട്ടുണ്ട്.