തീവണ്ടിയേക്കാള്‍ വേഗത്തില്‍ ഓടിയെത്തുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസി മിന്നല്‍ സര്‍വ്വീസിന് തുടക്കമിട്ടത്. കെഎസ്ആര്‍ടിസി എംഡിയുടെ പുതിയ പരീക്ഷണത്തെ യാത്രക്കാര്‍ സ്വാഗതം ചെയ്യുകയും ചെയ്തു. ആളുകളുടെ ആഗ്രഹത്തിനൊത്ത് കൃത്യ സമയത്ത് എത്തിക്കുന്ന ബസായി മിന്നല്‍ വേഗത്തില്‍ തന്നെ മിന്നല്‍ പേരെടുക്കുകയും ചെയ്തു. കെഎസ്ആര്‍ടിസിയില്‍ വരുമാന വര്‍ദ്ധനവുമുണ്ടായി. പക്ഷേ ഏത് നല്ല കാര്യത്തിനും തടയിടാന്‍ എല്ലായിടത്തും കാണുമല്ലോ പാഷണത്തില്‍ കൃമി എന്ന കണക്കിന് ചിലര്‍. സമാനമായരീതിയില്‍ മിന്നല്‍ സര്വ്വീസിനുമുണ്ടാവുന്നുണ്ട് ഇങ്ങനെയുള്ള ചിലയാളുകളുടെ ശല്യം. എന്നാല്‍ ഇത്തരത്തില്‍ മിന്നല്‍ ബസിന് തടസമായി വാഹനമോടിച്ച ഒരു വിദ്യാര്‍ത്ഥിയ്ക്ക് കെഎസ്ആര്‍ടിസി നല്ലൊരു പണി കൊടുത്തു. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. കാസര്‍ഗോഡുനിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ബസ്സിന്റെ വഴിമുടക്കി തലശ്ശേരി പുന്നോല്‍ മുതല്‍ കുഞ്ഞിപ്പള്ളിവരെ കാറോടിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കാണ് പിഴ അടയ്ക്കേണ്ടി വന്നത്.
ചോമ്പാലയിലെത്തുമ്പോഴേക്കും കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം കഴിഞ്ഞാണ് കാര്‍ വിട്ടുകൊടുത്തത്. മിന്നലിനുണ്ടായ വരുമാന നഷ്ടത്തിന് 5,000 രൂപ പിഴയും ഈടാക്കി. തലശ്ശേരിയില്‍നിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്ന അഴിയൂര്‍ സ്വദേശി ഫൈസലാണ് മിന്നലിനെ വലച്ചത്. പുന്നോലില്‍നിന്ന് ബസ്സിനെ മറികടന്ന കാര്‍ ഏറെ നേരം ബസ്സിനെ പോകാനനുവദിക്കാതെ സഞ്ചരിച്ചു. കാര്‍ ഡ്രൈവറുടെ കുഴപ്പം മനസ്സിലാക്കിയ ബസ് യാത്രക്കാര്‍ ഡ്രൈവറോട് പരാതിപ്പെടാന്‍ ആവശ്യപ്പെട്ടു. ഡ്രൈവര്‍ ജഗദീഷ് കോഴിക്കോട് സോണല്‍ ഓഫീസില്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തു. അവിടെനിന്ന് തിരുവനന്തപുരം കണ്ട്രോള് റൂമില്‍ വിവരമറിയിച്ചു. തുടര്‍ന്ന് വടകര ചോമ്പാല പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തു.
മൂന്നാം ദിവസം ബസ് കാസര്‍കോട് തിരിച്ചെത്തിയതിനുശേഷമാണ് വടകരയിലെ കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടര്‍മാര്‍ സ്റ്റേഷനിലെത്തി ചര്‍ച്ച നടത്തിയത്. പിന്നീട് പോലീസ് പിഴയടപ്പിച്ച് കാര്‍ വിട്ടുകൊടുത്തു. കെഎസ്ആര്‍ടിസി മിന്നല്‍ സര്‍വീസില്‍ എന്ത് തടസ്സം നേരിട്ടാലും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡിപ്പോകളില്‍ എംഡി രാജമാണിക്യത്തിന്റെ നിര്‍ദ്ദേശമുണ്ട്. തീവണ്ടിയെക്കാള്‍ വേഗത്തില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് വരെ എത്താമെന്നതാണ് മിന്നല്‍ സര്‍വ്വീസിന്റെ പ്രധാന വാഗ്ദാനം. ഇത് തെറ്റരുതെന്നാണ് രാജമാണിക്യത്തിന്റെ ഉറച്ച നിലപാട്. ഇത് തന്നെയാണ് കാറുകാരന് പിഴ നല്‍കേണ്ട സാഹചര്യം ഉണ്ടാക്കിയതും. ഇനി മിന്നിലിനെ കണ്ടാല്‍ വഴിമാറുകയേ നിവര്ത്തിയുള്ളു. പാരവച്ചാല്‍ പണിയാവുമെന്ന് ചുരുക്കം.