കോട്ടയം: പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിൽ നിലത്തു പത്രം വിരിച്ച് കൊതുകിന്റെ കടിയേറ്റ് കെഎസ്ആർടിസി ജീവനക്കാർ ഇനി കിടന്നുറങ്ങേണ്ട.
ജീവനക്കാർക്ക് വിശ്രമിക്കാൻ കോട്ടയത്ത് കെഎസ്ആർടിസി ബസിൽ സൗകര്യം ഒരുക്കി. കാലപ്പഴക്കം ചെന്ന ബസ് എയർ കണ്ടീഷൻ ചെയ്ത് 16 ബർത്തുകളാണു ക്രമീകരിച്ചിരിക്കുന്നത്.
രാത്രി ഈ ബസുകളിൽ ഉറങ്ങി രാവിലെ ജീവനക്കാർക്ക് സർവീസ് തുടരാം. വിദൂര ജില്ലകളിൽനിന്ന് നിലവിൽ കോട്ടയത്തു വരുന്ന ജീവനക്കാർക്ക് ഉറങ്ങാൻ സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് സ്റ്റേ ബസ് ക്രമീകരിച്ചിരിക്കുന്നത്.
ശബരിമല സീസണിലും ഇത് പ്രയോജനപ്പെടും. കോട്ടയം ഡിപ്പോയിലെ ജീവനക്കാർക്ക് നിലവിലുള്ള വിശ്രമഹാളിൽ ഉറങ്ങേണ്ടിവരും.
വിനോദസഞ്ചാരികൾക്ക് മൂന്നാറിൽ സമാനമായ രണ്ടു ബസുകളിൽ സംവിധാനം കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്.
ഒരു ബർത്തിന് 100രൂപ നിരക്ക് ഈടാക്കുന്നു. രണ്ടു ബസുകളും ഹൗസ് ഫുള്ളായതിനാൽ ഒരു ബസ് കൂടി രാത്രി ഉറക്കത്തിനായി ക്രമീകരിക്കുകയാണ്.
16 കിടക്കകളാണു മൂന്നാറിലെ ബസുകളിലുമുള്ളത്. ആവശ്യമെങ്കിൽ 1600രൂപ ഒരുമിച്ചു നൽകി ഒരാൾക്കോ 16 അംഗ സംഘത്തിനോ ഈ ബസുകൾ ഉപയോഗിക്കാം.