കെഎസ്ആർടിസി ഉദ്യോഗസ്ഥൻ നൽകിയത് എട്ടിന്റെ പണി
കുമരകം: മദ്യപിച്ച് അബോധാവസ്ഥയിലായ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ കുമരകം പോലീസിന് കൊടുത്തത് എട്ടിന്റെ പണി. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
കെഎസ്ആർടിസി വൈക്കം ഡിപ്പോയിലെ ഉയർന്ന ഉദ്യോഗസ്ഥൻ കുമരകത്തെ സഹപ്രവർത്തകന്റെ വീട്ടിലെത്തി മടങ്ങുന്പോൾ മദ്യപിച്ചു ലക്കുകെട്ട് കുമരകം എസ്ബിഐയ്ക്ക് സമീപമുള്ള ഓഫീസിൽ കയറി ഇരുന്ന് ഉറങ്ങി.
രണ്ടോടെ ഓഫീസിലെത്തിയ ഉടമ ചർദ്ദിച്ചു അവശിഷ്ടങ്ങളുമായി ഉറങ്ങുന്ന അജ്ഞാതനെ കണ്ട് വിവരം പോലിസിൽ അറിയിച്ചു. കുമരകം സ്റ്റേഷനിലെ എസ്ഐ ബൈജു, സിപിഒമാരായ അനിൽകുമാർ, പ്രദീപ് കുമാർ എന്നിവർ സ്ഥലത്തെത്തിയതോടെയാണ് അജ്ഞാതൻ കെഎസ്ആർടിസി വൈക്കം ഡിപ്പോയിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്ന് മനസിലായത്.
തുടർന്ന് പോലീസുകാർ ഉദ്യോഗസ്ഥനെ സമീപത്തുള്ള പൈപ്പിൻ ചുവട്ടിലെത്തിച്ച് കുളിപ്പിച്ച് ഓട്ടോയിൽ കയറ്റി വീട്ടിലേക്ക് വിട്ടു. എന്നാൽ കഥ ഇവിടം കൊണ്ടും അവസാനിച്ചില്ല.
കവണാറ്റിൻ കരയിലെത്തിയപ്പോൾ ഇയാൾ ഓട്ടോക്കാരനുമായി പിണങ്ങി വഴിയിലിറങ്ങി. പിന്നിട് നാട്ടുകാരെ അസഭ്യം പറഞ്ഞതോടെ വീണ്ടും പോലീസെത്തി ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിക്കുകയും കേസെടുക്കുകയും ചെയ്തു.