പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിൽ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും കൂട്ടത്തോടെ സ്ഥലം മാറ്റിയതിന് പിന്നാലെ മെക്കാനിക്കുകളെയും പുനർവിന്യസിക്കുന്നു.കൂട്ടസ്ഥലം മാറ്റം അശാസ്ത്രീയമെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമായി തുടരുമ്പോഴാണ് മെക്കാനിക്കുകളെയും സ്ഥലം മാറ്റുന്നത്. പക്ഷേ മെക്കാനിക്കുകളുടെ സ്ഥലംമാറ്റം കരുതലോടെയാണെന്ന പ്രത്യേക ത യുണ്ട്.
ബസ് – മെക്കാനിക്ക് അനുപാതം 0.4 എന്നതാണ് നിലവിലുള്ളത്. എന്നാൽ പല ഡിപ്പോകളിലും ഓപ്പറേറ്റ് ചെയ്യുന്ന ബസുകളുടെ അനുപാതത്തിൽ കൂടുതൽ മെക്കാനിക്കുകളുണ്ടെന്നും മറ്റ് പല ഡിപ്പോകളിലും അനുപാതത്തിനനുസരിച്ച് മെക്കാനിക്കുകൾ ഇല്ലാത്തതിനാൽ സർവീസ് മുടങ്ങുന്നുവെന്നും മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകറിന്റെ ഉത്തരവിൽ പറയുന്നു.
ശാസ്ത്രീയമായി മെക്കാനിക്കുകളെ വിന്യസിക്കേണ്ടത് ആവശ്യമാണെന്നും മെക്കാനിക്കുകളുടെ കുറവ് കൊണ്ട് ഷെഡ്യൂളുകൾ മുടങ്ങാൻ പാടില്ലെന്നും ഉത്തരവിലുണ്ട്.സ്ഥലം മാറ്റത്തിന്റെ അപേക്ഷ ചീഫ് ഓഫീസിൽ സ്വീകരിക്കില്ല. അതാത് യൂണിറ്റുകളിൽ മേധാവികൾക്ക് നല്കണം.
യൂണിറ്റ് ഓഫീസർ, അഡ്മിനിസ്ട്രീവ് ഓഫീസർ, സീനിയർ സൂപ്രണ്ട്., അസിസ്റ്റന്റ് എഞ്ചിനിയർ എന്നിവരടങ്ങുന്ന സമിതി അപേക്ഷകൾ പരിശോധിച്ച് പരാതിക്ക് അവസരം നൽകാതെ 17-ന് വൈകുന്നേരം ആറിന് മുമ്പ് ചീഫ് ഓഫീസിൽ എത്തിക്കണം’.