പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ രണ്ട് എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഉൾപ്പെടെ എട്ട് ഉന്നത ഉദ്യോഗസ്ഥർ വിരമിക്കുന്നു മനേജിംഗ് ഡയറക്ടർ ബിജു പ്രഭാകരൻ ഇവരുടെ വിരമിക്കൽ ഉത്തരവിറക്കി. 31-നാണ് ഇവർ സർവീസിൽ നിന്നും വിരമിക്കുന്നത്. എന്നാൽ പകരം നിയമനം സംബന്ധിച്ച് ഇതുവരെ ഉത്തരവുണ്ടായിട്ടില്ല.
സെൻട്രൽ സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ എം.കെ.ശ്രീകുമാർ, നോർത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ സി.വി.രാജേന്ദ്രൻ ഡപ്യൂട്ടി സിഎഒ (പെൻഷൻ ആന്റ് ഓഡിറ്റ് ചുമതലയുള്ള മാനേജർ) എം. പ്രതാപ ദേവ് എന്നിവരാണ് പ്രധാന തസ്തികകളിൽ നിന്നും വിരമിക്കുന്നത്.
കരുനാഗപ്പള്ളി ഡിടിഒ ആർ.രാജീവ്, ചീഫ് ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡി.പി. സുരേഷ്, ഇപ്പോൾ ലീവിൽ കഴിയുന്ന ഡിടിഒ കെ.പ്രദീപ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ ജി.രവീന്ദ്രൻ, സി.എ. സൂനമ്മ എന്നിവരും വിരമിക്കുന്നവരുടെ പട്ടികയിലുണ്ട്.
ലോക് ഡൗൺ കാലത്ത് ഈ വിരമിക്കൽ കാര്യമായി കോർപറേഷനെ ബാധിക്കില്ലെങ്കിലും സാധാരണ ഗതിയിൽ സർവീസ് ആരംഭിക്കുമ്പോൾ, പകരം നിയമനം നടത്തിയില്ലെങ്കിൽ അത് ദോഷകരമായി ബാധിക്കും.