തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര നല്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി എം.ജി.രാജമാണിക്യം വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി. സൗജന്യയാത്ര പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയോട് ചെയത ഏറ്റവും വലിയ ദ്രോഹമാണെന്നും എംഡി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചത്.
ഇതുവഴി 42 കോടി രൂപയുടെ നഷ്ടം പ്രതിമാസം ഉണ്ടാകുന്നുവെന്നാണ് എംഡിയുടെ കണക്ക്. സ്വകാര്യ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ഒരുകാരണവശാലും കണ്‍സഷന്‍ അനുവദിക്കാന്‍ കഴിയില്ല. എയ്ഡഡ്, സര്‍ക്കാര്‍ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് നിയന്ത്രിതമായി സൗജന്യയാത്ര നല്‍കാമെന്നും എംഡി വ്യക്തമാക്കുന്നു.
വിദ്യാര്‍ഥികളുടെ സൗജന്യയാത്ര മൂലം ആഴ്ചയിലെ അഞ്ച് ദിവസങ്ങളില്‍ കെഎസ്ആര്‍ടിസിയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കനത്ത തിരക്ക് മൂലം ഒന്നരലക്ഷത്തോളം ആളുകള്‍ കെഎസ്ആര്‍സിയില്‍ കയറാതെ വരുന്നുണ്ട്. ഇതുമൂലം ഭീമമായ വരുമാന ഇടിവാണ് സംഭവിച്ചിരിക്കുന്നതെന്നും കത്തില്‍ പറയുന്നു.
സ്വകാര്യ ബസുകളുടെ സര്‍വീസ് 140 കിലോമീറ്ററായി നിജപ്പെടുത്തണം. കെഎസ്ആര്‍ടിസി ഏറ്റെടുത്ത 228 ടേക്ക് ഓവര്‍ സര്‍വീസുകളുടെ അതേറൂട്ടില്‍ സ്വകാര്യ ബസും സര്‍വീസ് നടത്തുന്നുണ്ട്. ഇത് നിയന്ത്രിക്കണം. സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ സ്വകാര്യ ബസുകള്‍ക്ക് അനുവദിക്കരുതെന്നും എംഡി ആവശ്യപ്പെട്ടിട്ടുണ്ട്.