കോട്ടയം: കോവിഡ് നിയന്ത്രങ്ങള്‍ പിന്‍വലിക്കുന്നതു മുതല്‍ കെഎസ്ആര്‍ടിസിയില്‍ അടിമുടി പരിഷ്കാരം.5,200 സര്‍വീസുകളുണ്ടായിരുന്നത് 3,500 സര്‍വീസുകളായി വെട്ടിക്കുറയ്ക്കും.
ലാഭകരമല്ലാത്ത സര്‍വീസുകള്‍ പിന്‍വലിക്കുന്നതിനൊപ്പം ഓരോ ഡിപ്പോയിലും അധികം വരുന്ന ബസുകള്‍ വിവിധ സോണുകളില്‍ സ്റ്റേ ബസുകളായി സൂക്ഷിക്കാനുമാണ് നീക്കം.
കോട്ടയം ജില്ലയില്‍ വിവിധ ഡിപ്പോകളില്‍ നിന്നായി 50 ബസുകള്‍ തിരികെയെടുത്തു. നിലവില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് കേടുപാടുണ്ടാകുന്ന സാഹചര്യത്തില്‍ പിന്‍വലിക്കുന്ന ബസുകള്‍ ആവശ്യത്തിനനുസരിച്ച് തിരികെ എത്തിക്കും.
കോവിഡ് ലോക്ഡൗണില്‍ സര്‍വീസ് മുടങ്ങിയ വേളയില്‍ ബസുകള്‍ കൊണ്ടുപോയതിനാല്‍ യാത്രക്കാര്‍ക്ക് പ്രതിഷേധിക്കാന്‍ അവസരവും ലഭിച്ചില്ല.
പല സര്‍വീസുകളും ഇല്ലാതാകാന്‍ കാരണമാകുമെന്നാണ് സൂചന. മാത്രവുമല്ല ലാഭകരമായ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താന്‍ ഉപയോഗിക്കുന്ന ബസുകളും തിരികെ കൊണ്ടുപോകുന്നതില്‍ ഉള്‍പ്പെടുന്നു.
പാലാ ഡിപ്പോയില്‍ സര്‍വീസിലുണ്ടായിരുന്ന 24 ബസുകളാണ് ഒരു മാസത്തിനിടെ വിവിധ ഘട്ടങ്ങളിലായി ആലുവ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ സെന്‍ട്രല്‍ വര്‍ക് ഷോപ്പുകളിലേക്കു കൊണ്ടുപോയത്.
ഈരാറ്റുപേട്ട, പൊന്‍കുന്നം, ചങ്ങനാശേരി ഡിപ്പോകളിലെ നിരവധി ദീര്‍ഘദൂര ബസുകളും ഇത്തരത്തില്‍ കോഴിക്കോട്ടേക്കും എടപ്പാളിലേക്കും കൊണ്ടുപോയി.
ബസുകള്‍ കൊണ്ടുപോയതോടെ ഓര്‍ഡിനറി ബസുകള്‍ ഉള്‍പ്പടെ മുടങ്ങാനുള്ള സാധ്യതയുണ്ട്. രാത്രിയിലെ സ്റ്റേ സര്‍വീസുകളും മുടങ്ങുമോ എന്ന ആശങ്കയുമുണ്ട്.
സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് കാലാവധി അവസാനിച്ചപ്പോല്‍ ആ റൂട്ടുകളും അടുത്തിയിടെ കെഎസ്ആര്‍ടിസി ഏറ്റെടുത്തിരുന്നു.വിവിധ ഡിപ്പോകളില്‍ ഓടിയിരുന്ന ജൻറം ബസുകള്‍ അപ്പാടെ തിരുവനന്തപുരത്തേക്കു കൊണ്ടുപോയി.
മഞ്ഞ, പച്ച നിറത്തിലായിരുന്ന ജൻറം ഇനി ചുവപ്പ് വെള്ള നിറങ്ങളില്‍ തിരുവനന്തപുരത്ത് സിറ്റി സര്‍വീസ് നടത്തും.
ഏറ്റവും കൂടുതല്‍ ബസുകള്‍ തിരികെ കൊണ്ടുപോയത് ഈരാറ്റുപേട്ടയില്‍ നിന്ന്
കോട്ടയം: കെഎസ്ആര്‍ടിസി നിര്‍ദ്ദേശപ്രകാരം വിവിധ ഡിപ്പോകളില്‍ നിന്നു ബസുകള്‍ തിരികെ കൊണ്ടുപോയി. ഈരാറ്റുപേട്ട, വൈക്കം, പാലാ, പൊന്‍കുന്നം, കോട്ടയം, എരുമേലി ഡിപ്പോകളില്‍ നിന്നായി 95 ബസുകളാണ് തിരികെ കൊണ്ടുപോയത്.
ഏറ്റവും കൂടുതല്‍ ബസുകള്‍ തിരികെ എടുത്തത് ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നുമാണ്. 20 എണ്ണം. അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായിട്ടാണ് ഇവ തിരികെ കൊണ്ടുപോയിരിക്കുന്നതെന്നാണ് ഇതേക്കുറിച്ച് കെഎസ്ആര്‍ടിസി നല്‍കിയിരിക്കുന്ന വിശദീകരണം.
ഈരാറ്റുപേട്ട ( 20 ബസുകള്‍), വൈക്കം (19), പാലാ (18), പൊന്‍കുന്നം (16), കോട്ടയം (15), എരുമേലി(7) എന്നീ ഡിപ്പോകളില്‍ നിന്നുമാണ് ബസുകള്‍ തിരികെ കൊണ്ടുപോയത്. ഡിപ്പോകളില്‍ ഇനി മുതല്‍ സർവീസ് നടത്തുന്ന ബസുകള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ.
പുതിയ സര്‍വീസുകള്‍ അനുവദിക്കുമ്പോഴും അറ്റകുറ്റപണികള്‍ക്കു വേണ്ടി സര്‍വീസിലുള്ള ബസുകള്‍ മാറ്റുമ്പോഴും ആവശ്യമായ ബസുകള്‍ അതത് ഡിപ്പോകള്‍ക്കു ലഭ്യമാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
സര്‍വീസുകള്‍ ഇല്ലാതെ ഡിപ്പോകളില്‍ ബസുകള്‍ കടന്ന് നശിക്കപ്പെടുന്നത് ഒഴിവാക്കാനും ബസുകള്‍ കുറവുള്ള സ്ഥലങ്ങളില്‍ ബസുകള്‍ ലഭ്യമാക്കാനും ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതായി അധികൃതര്‍ അവകാശപ്പെടുന്നു. സിഎന്‍ജി, ഇലക്ട്രിക്കല്‍ സംവിധാനമൊരുക്കല്‍ മുതലായവ നടത്തി ആധുനീകരിക്കലും ലക്ഷ്യമിടുന്നുണ്ട്.
കെഎസ്ആര്‍ടിസി പുതുതായി ലഭ്യമാക്കുന്ന മിനി ബസുകളില്‍ പത്തെണ്ണം പാലായ്ക്ക് ലഭ്യമാക്കണമെന്ന് മാണി സി കാപ്പന് എം എല്‍ എ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഗതാഗത മന്ത്രിയും കെഎസ്ആര്‍ടിസി അധികൃതരുമായി എംഎല്‍എ ചര്‍ച്ച നടത്തി.
ജനങ്ങള്‍ക്ക് ഏറെ ആവശ്യമുള്ള ചെറിയ റൂട്ടുകളില്‍ സര്‍വ്വീസ് നടത്താന്‍ മിനി ബസുകള്‍ ആവശ്യമാണെന്ന് കാപ്പന് ചൂണ്ടിക്കാട്ടി. പാലായില്‍ നിന്നു കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.