പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ജി- സ്പാർക്ക് സോഫ്റ്റ് വെയറിലെ അപാകതകൾ പരിഹരിച്ച ശേഷം കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നല്കിയാൽ മതിയെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകരൻ ജനറൽ മാനേജർക്ക് (എഫ് ആൻഡ് എ) കർശന നിർദ്ദേശം നല്കി. ജൂൺ മാസത്തെ ശമ്പളം വൈകാൻ ഇത് കാരണമായേക്കും.
ഡസ്ക് ഓപ്പറേറ്റിംഗ് സിസ്റ്റം (ഡി ഒ എസ്) ഉപയോഗിച്ചായിരുന്നു ഇതുവരെ ശമ്പള വിതരണം. മേയ് മാസത്തെ ശമ്പളം മുതലാണ് ജി-സ്പാർക്ക് മുഖേനയാക്കിയത്.
ഡിഒഎസും ജി- സ്പാർക്കും തമ്മിൽ ഒത്തുനോക്കിയപ്പോൾ ജീവനക്കാരുടെ ശമ്പളത്തിൽ വ്യത്യാസം ഉണ്ടായി. 26,054 ജീവനക്കാരുടെ ശമ്പളത്തിൽ ജി-സ്പാർക്കിലും ഡി.ഒ.എസിലും കൃത്യമായി വന്നത് 25,375 ജീവനക്കാരുടെ ശമ്പളമാണ്.
ജി-സ്പാർക്കിലൂടെ 341 ജീവനക്കാരുടെ ശമ്പളം പ്രോസസ്സ് ചെയ്യാൻ കഴിഞ്ഞില്ല.ജൂൺ മാസത്തെ ശമ്പളം മുതൽ ശമ്പളം കൃത്യമായിരിക്കണമെന്നാണ് കർശന നിർദ്ദേശം.
ജി -സ്പാർക്കിൽ തയാറാക്കുന്ന ശമ്പളബിൽ ഡി ഒ എസിലും ഒത്തു നോക്കി കൃത്യത വരുത്തണം. ഓഡിറ്റിംഗിൽ അഞ്ചു രൂപയുടെ വ്യത്യാസമാണെങ്കിൽ ബിൽ പാസ്സാക്കാമെന്നും നിർദ്ദേശമുണ്ട്.
അഞ്ചു രൂപയിലധികം വ്യത്യാസം വന്നാൽ ബിൽ കാൻസൽ ചെയ്തു കൃത്യമായ പുതിയ ബിൽ തയാറാക്കണം.