പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെ എസ് ആർ ടി സി യുടെ 6185 ബസുകളിൽ 3800 എണ്ണം മാത്രം സർവീസ് നടത്തിയാൽ മതിയെന്ന് സിഎംഡി ബിജു പ്രഭാകരന്റെ ഉത്തരവ്.
യൂണിറ്റുകളിൽ ഒരു സർവീസ് പോലും മുടങ്ങാതെ 100 ശതമാനം സർവീസും നടത്തണമെന്നും സി എം ഡി.സർവീസ് നടത്തുന്നതിനാവശ്യമായ 3800 ബസ്സുകൾ യൂണിറ്റുകൾക്ക് നല്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.
300 ബസുകൾ ഷോപ്പ് ഓൺവീൽ ആക്കി മാറ്റാനാണ് നിർദേശം. ചെറുകിട വ്യാപാര രംഗത്തേക്കു കെഎസ്ആർടിസി ശക്തമായി എത്തുമെന്നതിന്റെ സൂചനയാണ് ഇത്രയധികം ബസുകൾ ഷോപ്പ് ഓൺ വീൽ ആക്കി പരിവർത്തനം ചെയ്യുന്നതിന് പിന്നിൽ.
ഷോപ്പ് ഓൺ വീൽ ബസുകൾ കരാർ അടിസ്ഥാനത്തിൽ സ്ഥാപനങ്ങൾക്കു വിട്ടു നല്കാനും ധാരണ ഉണ്ടെന്നറിയുന്നു.യൂണിറ്റുകൾക്കു സർവീസീനും സ്പെയർ ആയും അനുവദിച്ചിട്ടുള്ള 3,800 ബസുകൾക്ക് പുറമേ ജില്ലാ പൂളിൽ 450 ബസുകളുണ്ടാവും.
യൂണിറ്റുകളിലെ ബസുകൾ സർവീസിനു യോഗ്യമല്ലെങ്കിൽ ജില്ലാ പൂളിൽനിന്നും ബസ് കൈമാറി സർവീസ് മുടങ്ങാതെ നോക്കണം.1000 ബസ്സുകൾ വർക്ക്ഷോപ്പ് പൂളിലേക്കു മാറ്റിയിട്ടുണ്ട്. 635 ബസുകൾ കണ്ടം ചെയ്യാനും തീരുമാനമായിട്ടുണ്ട്.
ഡിപ്പോകളിലെ ബസുകളുടെ അറ്റകുറ്റപ്പണികൾക്കു നിലവിൽ വർക്ക്ഷോപ്പുകളുണ്ട്. 30 ബസിന് ഒരു ചാർജ്മാൻ, 70 ബസിന് അസിസ്റ്റന്റ് ഡിപ്പോ എൻജിനിയർ, 100 ബസിനു ഡിപ്പോ എൻജിനിയർ എന്നീ തസ്തികകൾ ഡിപ്പോകളിലെ വർക്ക്ഷോപ്പുകളിൽ നടപ്പാക്കും.
ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് ബസ് തയാറാക്കൽ, യൂണിറ്റ് മാറ്റി വയ്ക്കൽ തുടങ്ങിയ മേജർ ജോലികളും ബസുകൾ സി എൻ ജി ‘എൽഎൻജി, ഇലക്ട്രിക് എന്നിവയിലേക്കു പരിവർത്തനം നടത്തുന്നതും ജില്ലാ വർക്ക്ഷോപ്പുകളിലായിരിക്കും.
സർവീസ് മുടങ്ങാതിരിക്കാൻ യൂണിറ്റുകൾക്ക് ഏതു സമയവും പകരം ബസ് നല്കാനും ജില്ല തല വർക്ക്ഷോപ്പുകൾ സജ്ജമായിരിക്കണം.
50 ബസുകൾക്ക് ഒരു ചാർജ്മാൻ, 100ന് എഡിഇ, 200 ന് ഡിപ്പോ എൻജിനിയർ എന്നിവരെ കൂടാതെ ഒരു അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ / സൂപ്രണ്ട് എന്നിവരെയും ജില്ലാതല ഡിപ്പോകളിൽ നിയമിക്കും.