പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെ എസ് ആർ ടി സിയിലെ ഉന്നത ഉദ്യോഗസ്ഥർക്കുള്ള മെഡിക്കൽ അഡ്വാൻസ്, റീ ഇമ്പേഴ്സ് മെന്റ് എന്നിവ ജനറൽ വിഭാഗത്തിൽ നിന്നും മാറ്റി.
ഇനി ഇതിനുള്ള അപേക്ഷകളും ബില്ലുകളൂംചീഫ് ഓഫീസിലെ ഇന്റേണൽ ഓഡിറ്റ് വിഭാഗമായിരിക്കും കൈകാര്യം ചെയ്യുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൻസാരി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു.
കെ എസ് ആർ ടി സി ജീവനക്കാർക്ക് നിലവിൽ ചികിത്സാ സുരക്ഷിത്വം ഉറപ്പാക്കുന്ന ഒരു പദ്ധതിയുമില്ല. ഗുരുതര രോഗം ബാധിച്ചിട്ടുള്ള ജീവനക്കാർ കോർപറേഷൻ നിശ്ചയിച്ചിട്ടുള്ള ചില ആശുപത്രികളിൽ ചികിത്സ തേടിയാൽ മെഡിക്കൽ റീ-ഇമ്പേഴ്സ്മെന്റ് നടത്തും.
ഇത് ലഭിക്കുന്നതിന് കടമ്പകൾ ഏറെയും കാലതാമസവുമാണ്. കോർപറേഷൻ ലിസ്റ്റ് ചെയ്തിട്ടുള്ള ആശുപത്രികളിൽ ചികിത്സ തേടുക എല്ലാ ജീവനക്കാരെ സംബന്ധിച്ചും പ്രയോഗികവുമല്ല.
അപകടങ്ങളോ ഗുരുതര രോഗങ്ങളോ ഉണ്ടാകുമ്പോൾ ചികിത്സ ഉറപ്പു വരുത്തുന്ന ഇ എസ് ഐ സി പോലെയുള്ള ചികിത്സാ സുരക്ഷിത്വമാണ് ആവശ്യമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.മരിച്ചാൽ നഷ്ടപരിഹാരം ലഭിക്കുന്ന ഇൻഷ്വറൻസ് പദ്ധതികൾ കോർപ്പറേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.
പക്ഷേ ചികിത്സാ സഹായം ലഭിക്കുന്ന, സുരക്ഷിതത്വം ഉറപ്പാക്കുന്ന ഒരു ഇൻഷുറൻസ് പദ്ധതിയും കോർപ്പറേഷൻ നടപ്പാക്കിയിട്ടില്ല. ഗുരുതര രോഗം ബാധിക്കുന്ന സഹപ്രവർത്തകരുടെ ചികിത്സക്ക് ജീവനക്കാർ പിരിവെടുക്കേണ്ട ഗതികേടിലാണ്.