പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെ എസ് ആർ ടി സി യിൽ ബസ് സർവീസുകളുടെ പൂർണ്ണ ചുമതല ഇനിഇൻസ്പെക്ടർമാർക്ക് .സർവീസുകൾ ലാഭകരവും പരാതി രഹിതവും പൊതുജനോപകാരപ്രദവുമായി നടത്താനാണ് ഇൻസ്പെക്ടർമാർക്ക് നിർദ്ദേശം നല്കിയിരിക്കുന്നത്.
ഓരോ യൂണിറ്റുകളിലും 10-15 ബസ് സർവീസുകളുടെ ചുമതല ഒരു ഇൻസ്പെക്ടർക്കായിരിക്കും.ഇൻസ്പെക്ടർമാരുടെ കുറവുണ്ടെങ്കിൽ സ്ക്വാഡിൽ നിന്നും യൂണിറ്റുകളിലേക്ക് വിട്ടു നല്കും.ട്രാഫിക് ഡിമാൻറ് അനുസരിച്ച് ട്രിപ്പുകൾ ക്രമീകരിക്കുക, നഷ്ടത്തിലുള്ള ട്രിപ്പുകൾ ഒഴിവാക്കുക, ജനോപകാരപ്രദമായി ട്രിപ്പുകൾ ക്രമീകരിക്കുക തുടങ്ങിയവ ഇവരുടെ പ്രാഥമിക കർത്തവ്യമാണ്.
വരുമാന വർദ്ധനവ്, ബസ്സുകളുടെ അറ്റകുറ്റപണികൾ ഇന്ധനക്ഷമത വർദ്ധിപ്പിക്കൽ, പരാതിരഹിതമായി സർവീസ് നടത്തൽ എന്നിവയും ഇൻസ്പെക്ടർമാരുടെ ഉത്തരവാദിത്വമാണ്. ക്രമീകരിക്കപ്പെട്ട ട്രിപ്പുകളും ഷെഡ്യൂളുകളും കൃത്യമായും കാര്യക്ഷമതയോടും നടത്തണം.
ഓരോ സർവീസിന്റെയും ഓപ്പറേറ്റിംഗ് ക്രൂവിന്റെ ഉത്തരവാദിത്വവും, ക്രൂ ഡ്യൂട്ടിയ്ക്ക് എത്തിയെന്ന് ഉറപ്പാക്കേണ്ടതും ചുമതലയുള്ള ഇൻസ്പെക്ടർക്കാണ്. അവധിയെടുക്കുന്നവർക്ക് പകരം ക്രൂവിനെ അറേഞ്ച് ചെയ്യണം.ഓരോ സർവീസിന്റെയും ഓരോ ട്രിപ്പിലെയും വരുമാനം പരിശോധിക്കണം.
വരുമാനം കുറഞ്ഞ ട്രിപ്പുകളും ഷെഡ്യൂളുകളും ലാഭകരമാക്കാൻ സാധ്യത പഠനം നടത്തണം. അറ്റകുറ്റപണികൾ സമയബന്ധിതമായി നടത്തണം. ഇത് ലോഗ് ഷീറ്റിൽ കൃത്യമായി രേഖപ്പെടുത്തണം. സർവീസ് വിവരങ്ങൾ വേ ബില്ലിൽ എഴുതിയിരിക്കണം. സർവീസി നി ട യിൽ യാത്രക്കാർ ക്രുവിനോട് പറയുന്ന പരാതികളും നിർദ്ദേശങ്ങളും ക്രൂവിൽ നിന്നും ശേഖരിച്ച് ക്രോ ഡികരിക്കണം.
സർവീസുകൾ ലാഭകരമാക്കാനുള്ള ഭാരിച്ച ചുമതലയാണ് സിഎംഡി ബിജു പ്രഭാകരൻ പ്രത്യേക ഉത്തരവിലൂടെ ഇൻസ്പെക്ടർമാർക്ക് കൈമാറിയിരിക്കുന്നത്. ഇത് പുതിയ പരിഷ്കാരവും പരീക്ഷണവും കൂടിയാണ്. എല്ലാ ദിവസവും മോണിറ്ററിംഗ് യോഗം ചേർന്ന് അവലോകനവും യുണിറ്റ് തലത്തിൽ നടത്തി മിനിട്സ് രേഖപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്.