പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ പരിപാലനം കെ എസ് ആർ ടി സി യ്ക്ക് നല്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം.
ഇതിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി സെക്രട്ടറി രമ്യാ രവീന്ദ്രൻ, പഞ്ചായത്ത് ഡയറക്ടർ, ഗ്രാമവികസന വകുപ്പ് കമ്മീഷണർ ,നഗരകാര്യ ഡയറക്ടർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർക്ക് കത്ത് നല്കി.
കെഎസ്ആർടിസി യുടെ സിഎംഡി ബിജു പ്രഭാകർ അഭ്യർത്ഥനയെ തുടർന്നാണ് ഈ നടപടി. കോർപറേഷനെ സഹായിക്കുന്ന സർക്കാരിനും ഇതുമൂലം ആശ്വാസമുണ്ടാകുമെന്നും കത്തിൽ വ്യക്തമാക്കുന്നു.
കോർപറേഷന്റെ ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ മാർഗ്ഗം സ്വീകരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 25- ലേറെവർക്ക്ഷോപ്പുകളും വിദഗ്ധ മെക്കാനിക്കുകളൂം കോർപറേഷനുണ്ട്.
സ്വകാര്യ വർക്ക്ഷോപ്പുകൾക്കോ സ്ഥാപനങ്ങൾക്കോ ടെന്റർവിളിച്ച് ന്യായമല്ലാത്ത തുക നല്കി വാഹനങ്ങളുടെ അറ്റകുറ്റപണികൾ നടത്തുന്നത് ഒഴിവാക്കാനും കഴിയും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഹെവി വാഹനങ്ങൾ, മറ്റ് വാഹനങ്ങൾ എന്നിവയുടെ അറ്റകുറ്റപണികൾ, സർവീസിംഗ്, ടയർ റീ ട്രെഡിംഗ്, ഇലക്ട്രിക്കൽ, പെയിന്റിംഗ് എന്നീ ജോലികൾ കെ എസ് ആർ ടി സിക്ക് നല്കണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഡീസൽ വാഹനങ്ങൾ, സി എൻ ജി യിലേക്ക് പരിവർത്തനം ചെയ്യണമെങ്കിൽ ടെൻറർ വിളിച്ച് കെ എസ് ആർ ടി സി യ്ക്ക് കൊടുക്കണം.
കോർപ്പറേഷന്റെ ഡ്രൈവർമാരെയും നിശ്ചിതവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിട്ടുകൊടുക്കും.
മാലിന്യ നിർമ്മാർജ്ജനത്തിനും മറ്റും സഹായിക്കാനും ഹെവി വാഹനങ്ങൾ കൈകാര്യം ചെയ്യാനും ഈ ഡ്രൈവർമാരെ ഉപയോഗിക്കാം. ഹെവി വാഹനങ്ങളുടെ പരിപാലനം നിശ്ചിത വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ഏറ്റെടുക്കാനും തയാറാണ്.