ചാത്തന്നൂർ: കെ എസ് ആർ ടി സി യിൽ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും സ്ഥലം മാറ്റി കൊണ്ട് മൂന്നാമതും ഉത്തരവിറക്കി.
ആദ്യ രണ്ടു ഘട്ടത്തിലും ഇറക്കിയ ഉത്തരവുകളിലെ അപാകതകളും പരാതികളും പരിഹരിച്ചുകൊണ്ടും കോടതി ഉത്തരവുകൾ പാലിച്ചുകൊണ്ടുമാണ് ഇന്നലെത്തെ ഉത്തരവ് എന്ന് കോർപ്പറേഷൻ അവകാശപ്പെടുന്നുണ്ട്.
ഫലത്തിൽ മൂന്നാമത് ഇറങ്ങിയ ഉത്തരവും കൂട്ടസ്ഥലം മാറ്റം തന്നെയെന്ന് ജീവനക്കാർ .കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യത്തെ സ്ഥലം മാറ്റ ഉത്തരവുണ്ടായത്. അതിനെതിരെ ജീവനക്കാർ കോടതിയെ സമീപിച്ചു.പരാതികളും ആക്ഷേപങ്ങളും പരിഹരിച്ച് മൂന്ന് മാസത്തിനകം പുതിയ സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി നിർദ്ദേശിച്ചു.
ഇതനുസരിച്ച് രണ്ടാമതും ‘സ്ഥലം മാറ്റ ഉത്തരവിറക്കി. ഈ ഉത്തരവിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നു.1458 കണ്ടക്ടർമാരാണ് പരാതികൾ നല്കിയത്.വീണ്ടും ജീവനക്കാർ കോടതിയെ സമീപിക്കുമെന്ന ഘട്ടമായപ്പോൾ ആ ഉത്തരവ് മരവിപ്പിച്ചു.
സ്ഥലം മാറ്റ പട്ടിക കരട് പട്ടികയായി പ്രഖ്യാപിച്ച് ജീവനക്കാരുടെ പരാതികൾ കൂടി കേട്ട ശേഷമാണ് ഇപ്പോൾ മൂന്നാമതും സ്ഥലം മാറ്റ ഉത്തരവ് ഇറക്കിയത്.
കണ്ടക്ടർ, ഡ്രൈവർ അനുപാതം 1:1 ആക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഇപ്പോൾ ഒരു ഷെഡ്യൂളിന് 2.4 മുതൽ 2.5 വരെ കണ്ടക്ടർമാരെയും 25 മുതൽ 2.6 വരെ ഡ്രൈവർമാരെയുമാണ് നിയമിച്ചിരിക്കുന്നത്.
തൊട്ടടുത്ത യൂണിറ്റുകളിലേയ്ക്കാണ് സ്ഥലം മാറ്റം നല്കിയിട്ടുള്ളതെന്നും ഉത്തരവിലുണ്ട്.പുതുതായി ആരംഭിക്കുന്ന സിറ്റി സർക്കുലർ, ക്രൂ ചെയ്ഞ്ച് എന്നിവയിൽ വ്യത്യസ്ത രീതിയിലാണ് വിന്യസിച്ചിരിക്കുന്നത്.