പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെ എസ് ആർ ടി സിയിലെ വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.ടി.സുകുമാരനെ സ്ഥാനത്തു നിന്നും നീക്കം ചെയ്തു. പെൻഷൻ ആന്റ് ഓഡിറ്റ് വിഭാഗത്തിൽ ഡപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫീസറായാണ് പകരം നിയമനം നല്കിയിരിക്കുന്നത്.
ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൻസാരിയ്ക്കാണ് വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല നല്കിയിരിക്കുന്നത്.
ഇടത്തരം ജീവനക്കാരുടെയും കീഴ്ത്തട്ടിലെയും ജീവനക്കാരുടെ അച്ചടക്ക നടപടികൾ സംബന്ധിച്ച അധികാരം കൂടി വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതലയുള്ള മുഹമ്മദ് അൻസാരിക്ക് നല്കിയിട്ടുണ്ട്.
വിരമിക്കുന്ന ജീവനക്കാരുടെ പെൻഷനും പെൻഷൻ ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തു നിന്നും എം.ടി.സുകുമാരനെ മാറ്റിയതെന്നാണ് സിഎംഡിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നത്.
പെൻഷൻ ആന്റ് ഓഡിറ്റ് വിഭാഗത്തിൽ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫീസറായി പ്രവർത്തിച്ചിരുന്ന അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ എം.എസ്.ബിന്ദുവിനെ ആ ചുമതലയിൽ നിന്നൊഴിവാക്കി, അതേ വിഭാഗത്തിൽ തന്നെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി തുടരാനും ഉത്തരവ് നല്കി.
കൺട്രോൾ റൂം നിർത്തലാക്കി
ചാത്തന്നൂർ: കെ എസ് ആർ ടി സി യുടെ ചീഫ് ഓഫീസിൽ പ്രവർത്തിച്ചിരുന്ന കൺട്രോൾ റൂം നിർത്തലാക്കി. പകരം ഓപ്പറേഷണൽ കൺട്രാൾ സെന്റർ (ഒ സി സി ) ആരംഭിച്ചു.
ഒ സി സി യിൽ വിളിക്കുന്നതിന് ടോൾ ഫ്രീ നമ്പരായിരിക്കും. കെ എസ് ആർ ടി സി യിലെ ഓൺലൈൻ റിസർവേഷൻ, പോർട്ടൽ, പരാതികൾ, റീഡ്രസ്സൽ കാൾസ് എന്നിവ ഒ സി സി യുടെ ചുമതലയാണ്.