ചാത്തന്നൂർ: കെഎസ്ആർടിസിയുടെ യൂണിറ്റ് ഓഫീസുകളിലെ ഉദ്യോഗസ്ഥർ ഫോൺ എടുക്കാതിരിക്കുകയും വിളിക്കുന്ന യാത്രക്കാർക്ക് വ്യക്തമായ മറുപടി നല്കാതിരിക്കുകയും ചെയ്താൽ കർശന നടപടി ഉണ്ടാകുമെന്ന് ദക്ഷിണ മേഖലാ എക്സിക്യൂട്ടീവ് ഡയറക്ടറുടെ മുന്നറിയിപ്പ്.
യൂണിറ്റ് അധികൃതരും ഇതിന് ഉത്തരവാദികളാകും.യാത്രക്കാർ വിളിക്കുമ്പോൾ ഫോൺ എടുക്കാറില്ലെന്നും, എടുത്താൽ തന്നെവ്യക്തമായ മറുപടി ലഭിക്കാറില്ലെന്നും, മാന്യമായ പെരുമാറ്റം ലഭിക്കാറില്ലെന്നും വ്യാപകമായി പരാതികൾ കിട്ടുന്നുണ്ട്.
ഇത് കോർപ്പറേഷന്റെ സത് പേരിനും വിശ്വാസ്യതയ്ക്കും മങ്ങൽ ഏല്പിക്കുന്നു.’ യാത്രക്കാർക്ക് വിവരങ്ങൾ അറിയാനുള്ള സാഹചര്യം വർദ്ധിച്ചു വരികയാണ്. ഇക്കാര്യത്തിൽ യൂണിറ്റ് അധികൃതർ പ്രത്യേക ശ്രദ്ധ ചെലുത്തണം.
ഡിപ്പോകളിൽ സ്റ്റേഷൻ മാസ്റ്റർ ഓഫീസിലാണ് ഫോൺ സ്ഥാപിച്ചിട്ടുള്ളത്. യാത്രക്കാർ വിവരങ്ങൾ അറിയാൻ വിളിക്കുന്നതും ഇവിടെയാണ്.24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് കെ എസ് ആർ ടി സി യൂണിറ്റ് ഓഫീസുകളിലെ ഫോണും ഇൻറർനെറ്റും.
ഇതിനെന്തെങ്കിലും തകരാർ സംഭവിച്ചാൽ അത് പരിഹരിക്കാൻ ശ്രമിക്കാറില്ലെന്നും ഇ.ഡി. ചുണ്ടിക്കാട്ടുന്നു.ഇനി മുതൽ ഫോൺ തകരാർ ഉടൻ തന്നെ ബിഎസ്എൻഎല്ലിൽ പരാതി രജിസ്റ്റർ ചെയ്ത ശേഷം ചുമതലയുള്ള ഉദ്യാഗസ്ഥൻ ഈ വിവരം ചീഫ് ഓഫീസിലെ കൺട്രോൾ സെല്ലിൽ അറിയിക്കണമെന്നും ദക്ഷിണമേഖല എക്സിക്യൂട്ടീവ് ഡയറക്ടർ ഉത്തരവിൽ പറയുന്നു.