പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് അവധി അനുവദിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദക്ഷിണമേഖല എക്സിക്യൂട്ടീവ് ഡയറക്ടർ. നിസാര കാരണങ്ങൾ കൊണ്ട് ഷെഡ്യൂൾ കാൻസൽ ചെയ്താൽ യൂണിറ്റ് മേധാവികൾക്കെതിരെ നടപടിയുമുണ്ടാകും.
ജീവനക്കാർ ഏതെങ്കിലും ആശുപത്രിയിൽ നിന്നും ഹാജരാക്കുന്ന ഒ.പി. ടിക്കറ്റിന്റെ അടിസ്ഥാനത്തിൽ ലീവ് അനുവദിക്കരുത്. രോഗമുണ്ടെന്ന് യൂണിറ്റ് ഓഫീസർക്ക് ഉത്തമബോധ്യമുണ്ടായാൽ മാത്രമേ അവധി അംഗീകരിക്കാവൂ.
ഒ.പി. ടിക്കറ്റ് ഹാജരാക്കിയാൽ അത് ജില്ലാ മെഡിക്കൽ ബോർഡിൽ അയച്ച് സൂക്ഷ്മത വരുത്തിയ ശേഷമേ ലീവ് അനുവദിക്കാവൂ. ഇടിഎം ഇല്ലെന്ന കാരണത്താൽ കണ്ടക്ടർമാർ ഡ്യൂട്ടി ചെയ്യാതെ മടങ്ങിപ്പോകുന്ന പ്രവണതയും അംഗീകരിക്കാനാവില്ല.
കണ്ടക്ടർ, ഡ്രൈവർമാരില്ലെന്ന കാരണത്താലും മറ്റ് നിസാര കാരണത്താലും യൂണിറ്റ് ഓഫീസർമാർ ഷെഡ്യൂൾ കാൻസൽ ചെയ്യുന്നത് ഇനി അനുവദിക്കില്ല. കോർപ്പറേഷന് വരുമാന നഷ്ടമുണ്ടാക്കുന്ന ഇത്തരം പ്രവണതകൾ ശരിയല്ലെന്നും ദക്ഷിണമേഖല എക്സിക്യൂട്ടീവ് ഡയറക്ടർ ജി.അനിൽകുമാർ മുന്നറിയിപ്പ് നല്കി.
സാധ്യമായ മുഴുവൻ ജീവനക്കാരെയും ഉപയോഗിച്ച് പരമാവധി ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്യണം. ഇതിന് ജീവനക്കാരെ ടേൺ തിരിച്ച് നിയമിക്കുകയും വീക്ക് ലീ ഓഫ് ദിവസത്തേക്കു പകരം ക്രുവിനെ നേരത്തെ നിയമിക്കുകയും വേണം.
ചീഫ് ഓഫീസ് നിർദ്ദേശങ്ങൾക്ക് വിരുദ്ധമായും അശാസ്ത്രീയമായും ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്യരുത്. ട്രാഫിക് ഡിമാന്റ് അനുസരിച്ചും വരുമാന നേട്ടവും കണക്കാക്കിയേ സർവീസ് നടത്താവൂ. ക്രൂവിന്റെ ക്ഷാമമുണ്ടായാൽ തൊട്ടടുത്ത ഡിപ്പോയിൽ നിന്നും എത്തിച്ച് സർവീസ് നടത്തണം.
ജീവനക്കാർക്ക് അവധി അനുവദിക്കുമ്പോൾ ഷെഡ്യൂൾ കാൻസലേഷൻ ഉണ്ടാക്കുതെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.