ബസ്ടിക്കറ്റ് എടുത്തതിന്റെ ബാക്കി പണം വാങ്ങാതെ സ്റ്റോപ്പില്‍ ഇറങ്ങിയ യാത്രക്കാരിയെ ഞെട്ടിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ അവരുടെ പക്കല്‍ പണമെത്തിച്ച് കെഎസ്ആര്‍ടിസി.
യുവതി ഇറങ്ങി കൃത്യം 43-ാം മിനിട്ടില്‍ യാത്രക്കാരിയുടെ സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറിയാണ് കെഎസ്ആര്‍ടിസി അമ്പരപ്പിച്ചത്.
ബാക്കി നല്‍കേണ്ട 300 രൂപയാണ് കെഎസ്ആര്‍ടിസി അധികൃതര്‍ കൈമാറിയത്. കഴിഞ്ഞ ദിവസം വൈറ്റിലയില്‍നിന്ന് കൊല്ലത്തേക്ക് സൂപ്പര്‍ഫാസ്റ്റ് ബസില്‍ യാത്ര ചെയ്ത തൃശൂര്‍ സ്വദേശിനിയായ ടി ജി ലസിത എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയ്ക്കാണ് വ്യത്യസ്തമായ അനുഭവമുണ്ടയാത്.
സോഷ്യല്‍മീഡിയയിലെ കെഎസ്ആര്‍ടിസി ഫാന്‍ ഗ്രൂപ്പ് അംഗങ്ങള്‍ കൂടി കൈകോര്‍ത്തതോടെയാണ് ബാക്കി വാങ്ങാന്‍ മറന്ന യാത്രക്കാരിക്ക് ഉടനടി പണം കൈമാറാന്‍ സാധിച്ചത്.
കൊല്ലം എസ്എന്‍ കോളേജിലെ ഗവേഷക വിദ്യാര്‍ത്ഥിനിയാണ് ടിജി ലസിത. കഴിഞ്ഞ ദിവസം രാവിലെയാണ് എറണാകുളം വൈറ്റിലയില്‍നിന്ന് കൊല്ലത്ത് കോളേജിലേക്ക് വരാന്‍ ലസിത കെഎസ്ആര്‍ടിസി ബസില്‍ കയറിയത്.
ടിക്കറ്റ് എടുക്കാനായി 500 രൂപയാണ് ലസിത കണ്ടക്ടര്‍ക്ക് നല്‍കിയത്. 183 രൂപയുടെ ടിക്കറ്റിനൊപ്പം 17 രൂപ ചില്ലറയായി കണ്ടക്ടര്‍ ലസിതയ്ക്ക് നല്‍കി.
ബാക്കിയുള്ള 300 രൂപ പിന്നീട് നല്‍കാമെന്ന് പറഞ്ഞ് ടിക്കറ്റില്‍ എഴുതി നല്‍കി. പിന്നീട് യാത്രയ്ക്കിടെ ഉറങ്ങിപ്പോയ ലസിത, പിന്നീട് ഉണര്‍ന്നത് കൊല്ലം കോളേജ് ജംഗ്ഷനിലെ സ്റ്റോപ്പ് എത്താറായപ്പോഴാണ്.
ഇറങ്ങാനുള്ള തിടുക്കത്തില്‍ ബാക്കി പണം വാങ്ങാന്‍ മറന്നുപോയി. കോളേജില്‍ എത്തിയപ്പോഴാണ് ടിക്കറ്റിന്റെ ബാക്കി പണം വാങ്ങിയില്ലെന്ന കാര്യം ഓര്‍ത്തത്.
അപ്പോള്‍ തന്നെ ആനവണ്ടിപ്രേമിയായ സുഹൃത്തിനെ വിളിച്ച് ലസിത വിവരം പറഞ്ഞു. ടിക്കറ്റിന്റെ ഫോട്ടോയും അയച്ചുനല്‍കി.
ലസിതയുടെ സുഹൃത്ത് ടിക്കറ്റിന്റെ ഫോട്ടോ സഹിതം, കെഎസ്ആര്‍ടിസി പ്രേമികളുടെ വാട്സാപ്പ് കൂട്ടായ്മയിലേക്ക് അയച്ചുനല്‍കി.
അവിടെയുണ്ടായിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരന്‍ വൈകാതെ തന്നെ ലസിത യാത്ര ചെയ്ത ബസില്‍ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടറെ വിളിച്ച് വിവരം പറഞ്ഞു.
ഒപ്പം ലസിതയുടെ സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കി. തൊട്ടടുത്ത് മിനിട്ടില്‍ തന്നെ ലസിതയ്ക്ക് ബാക്കിയായി ലഭിക്കേണ്ട 300 രൂപ സുഹൃത്തിന്റെ അക്കൗണ്ടിലെത്തി.
ഈ പണം ഉടന്‍ തന്നെ ഗൂഗിള്‍ പേ വഴി ലസിതയ്ക്ക് കൈമാറുകയും ചെയ്തു. ഇതാദ്യമായല്ല, ലസിതയ്ക്ക് കെഎസ്ആര്‍ടിസി ജീവനക്കാരില്‍നിന്ന് നല്ല അനുഭവമുണ്ടാകുന്നത്.
നേരത്തെ വൈറ്റിലയില്‍നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുന്നതിനിടെ ബസില്‍വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ലസിതയ്ക്ക് കെഎസ്ആര്‍ടിസി ജീവനക്കാര്‍ വെള്ളവും ഭക്ഷണവും പ്രഥമശുശ്രൂഷയും നല്‍കി രക്ഷിച്ചിരുന്നു.