പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: വർഷങ്ങളായി കട്ടപ്പുറത്തിരിക്കുന്ന ജന്റം എസി , ലോ ഫ്ലോർ ബസുകൾ നിരത്തിലിറക്കും. ബസ് ഓൺ ഡിമാന്റ് (ബോണ്ട് സർവീസ് ) ആയി ഓടിക്കാനാണ് നീക്കം.
ബോണ്ട് സർവീസിൽ മതിയായ യാത്രക്കാരില്ലെങ്കിൽ, അത് നോർമൽ സർവീസായും ട്രിപ്പ് നടത്താനാണ് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവ്. വർഷങ്ങളായി കട്ടപ്പുറത്തിരിക്കുന്ന ജന്റം ബസുകൾക്ക് ശാപമോക്ഷത്തിന് വഴിയൊരിങ്ങിയിരിക്കുകയാണ്. കോടതിയുടെ ഇടപെടലും ഇതിന് കാരണമായിട്ടുണ്ട്.
കോവിഡ് പ്രതിസന്ധിക്കാലത്ത് സർക്കാർ ഉദ്യോഗസ്ഥർക്ക് ഓഫീസുകളിലെത്താൻ ആസൂത്രണം ചെയ്തതാണ് ബോണ്ട് സർവീസ്, 10 ദിവസത്തെ കാർഡ് എടുത്താൽ 20 ദിവസത്തിനകം യാത്രചെയ്ത് തീർത്താൽ മതിയായിരുന്നു.
യാത്രക്കാരെ ഇറക്കിയശേഷം ബസ് അവിടെ പാർക്ക് ചെയ്യും. തിരികെ യാത്രക്കാരെ എത്തിക്കുന്നതായിരുന്നു പദ്ധതി. സീറ്റിംഗ് കപ്പാസിറ്റി യാത്രക്കാർ പോലുമില്ലാതെയായിരുന്നു ബോണ്ട് സർവീസ് നടത്തിയിരുന്നത്.
കോവിഡ് പ്രതിസന്ധി കഴിയുകയും യാത്രക്കാരുടെ എണ്ണം വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ ബോണ്ട് സർവീസുകളായി ഓടിയിരുന്ന ബസുകൾ സാധാരണ സർവീസുകൾക്കായി ഉപയോഗിക്കേണ്ടി വന്നിരിക്കുകയാണ്.
കോവിഡ് കാലത്ത് കട്ടപ്പുറത്താക്കിയ ജന്റം എസി , ലോ ഫ്ലോർ ബസുകൾ നിരത്തിലിറക്കാനും ബോണ്ട് സർവീസായി ഓടിക്കാനുമാണ് നീക്കം. സിറ്റിംഗ് കപ്പാസിറ്റി യാത്രക്കാരുണ്ടെങ്കിൽ ഇത് എൻഡ് ടു എൻഡ് സർവീസായി നടത്തും.
പ്രത്യേകം ഡ്രൈവറെ മാത്രം നിയോഗിച്ചായിരിക്കും സർവീസ്. ഒരു മാസത്തെ കാർഡ് എടുത്താൽ 20 ദിവസം യാത്രചെയ്യാം. ഇടയ്ക്ക് നിന്നുമുള്ളയാത്രയായാലും കാർഡ് നിരക്കിൽ ഇളവുണ്ടായിരിക്കില്ല.
സിറ്റിംഗ് കപ്പാസിറ്റി യാത്രക്കാർ ഇല്ലെങ്കിൽ ഈ ബോണ്ട് സർവീസിൽ കാർഡുള്ളവരുടെ സീറ്റ് റിസർവ് ചെയ്യും. ബാക്കിയുള്ള സീറ്റുകളിലേക്കും യാത്രക്കാരെ കയറ്റി നോർമൽ ട്രിപ്പായിട്ടായിരിക്കും സർവീസ്.
നിന്നുകൊണ്ടുള്ള യാത്രയും അനുവദിക്കും. സമയ ക്ലിപ്തത പാലിച്ച് ബോണ്ട് സർവീസ് നടത്തുന്നതോടൊപ്പം, ഈ ട്രിപ്പ് ഒന്നിലധികം ഷെഡ്യൂളിന്റെ ഭാഗമാക്കി മാറ്റി സർവീസ് നടത്താനുമാണ് പദ്ധതി.