പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് പ്രത്യേക ദിവസങ്ങളിൽ അവധി നിഷേധിക്കുന്നത് മറ്റ് പ്രവൃത്തി ദിവസങ്ങളിലെ സർവീസിനെ ബാധിക്കും.
വരുമാന വർദ്ധനവ് ലക്ഷ്യമിട്ട് വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിൽ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാരായ ഡ്രൈവർ, കണ്ടക്ടർ എന്നിവർക്ക് വീക്ക് ലി ഓഫ് തുടങ്ങി യാതൊരു വിധത്തിലുള്ള അവധിയും അനുവദിക്കരുതെന്ന് മേയ് 30 -ന് സി എം ഡി ഉത്തരവിട്ടിരുന്നു.
അതിന് പിന്നാലെ ഞായറാഴ്ച ദിവസങ്ങളിൽ നിലവിലുള്ള സർവീസിനെക്കാൾ 20 ശതമാനം സർവീസുകൾ അധികം നടത്തണമെന്ന് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറും ഉത്തരവിറക്കി.
കെ എസ് ആർടിസിയിലെ ഈ പരിഷ്കാരങ്ങൾ സ്ഥാപനത്തെ ലാഭത്തിലാക്കാനല്ലെന്നും ജീവനക്കാരെ ദ്രോഹിക്കാൻ വേണ്ടിയാണെന്നും, ജീവനക്കാർക്ക് വേണ്ടി നിയമപോരാട്ടം നടത്തുന്ന ഫോറം ഫോർ ജസ്റ്റിസ് പ്രസിഡന്റ് ടി.കെ.പ്രദീപ് ആരോപിച്ചു.
കേരളത്തിലെ 20 ശതമാനം റൂട്ടുകളിൽ മാത്രമാണ് കെ എസ് ആർടിസി സർവീസ് നടത്തുന്നത്. ജീവനക്കാർ ആത്മാർത്ഥമായി ജോലി ചെയ്താണ് ഓരോ മാസവും കൂടുതൽ കൂടുതൽ വരുമാനം ഉണ്ടാക്കുന്നത്.
ഇത്തരം ജീവനക്കാർക്ക് പ്രത്യേക കാരണങ്ങൾ പറഞ്ഞ് ആഴ്ചയിൽ നാല് ദിവസം അർഹതപ്പെട്ട അവധി കൾ നിഷേധിക്കുമ്പോൾ , സ്വാഭാവികളായും മറ്റ് പ്രവൃത്തി ദിവസങ്ങളിൽ ജീവനക്കാർ അവധിയെടുക്കും. അത് വരുമാന നഷ്ടത്തിന് ഇടയാക്കും.
ദിവസം 12 മണിക്കൂർ സ്പ്രെഡ് ഓവർ ഡ്യൂട്ടി ചെയ്യുന്നവരാണ് ഡ്രൈവർ, കണ്ടക്ടർ വിഭാഗം ജീവനക്കാർ. ശാരീരികമായും മാനസികമായും ക്ഷീണവും സമ്മർദ്ദവുമായി കഴിയുന്ന ഇവരെ കൊണ്ട് ആഴ്ചയിൽ എല്ലാ ദിവസവും ജോലി ചെയ്യിക്കാനുള്ള നീക്കമാണ് മാനേജ്മെന്റ് നടത്തുന്നത്.
ശമ്പളം വൈകിപ്പിച്ചും മാനസികമായി തളർത്തിയും ജീവനക്കാരെ സ്വയം പിരിഞ്ഞു പോകാൻ പ്രേരിപ്പിക്കുന്ന തന്ത്രമാണ് മാനേജ്മെന്റ് പയറ്റുന്നതെന്ന് എഫ്എഫ്ജെ നേതാവ് ആരോപിച്ചു.