മൂലമറ്റം: ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധന സാമഗ്രികളുടെ കുറവു മൂലം മൂലമറ്റം സെന്ററിലെ കെഎസ്ആര്‍ടിസി ബസുകള്‍ കട്ടപ്പുറത്ത്. ജീവനക്കാരുടെ കുറവും സ്പെയര്‍ പാര്‍ട്സും, ഡീസല്‍ ക്ഷാമവും കെഎസ്ആര്‍ടിസിയെ വന്‍ നഷ്ടത്തിലാക്കുന്നു.
പതിമൂന്നു ഡ്രൈവര്‍മാരും പതിനേഴ് കണ്ടക്ടര്‍മാരും ഏഴു മെക്കാനിക്കുകളും ഉള്ള ഇവിടെ രണ്ടുലക്ഷം രൂപാ ദിവസേന കളക്ഷന്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഒരു ലക്ഷത്തില്‍പരം രൂപയുടെ കളക്ഷനേയുള്ളു.
കാലപ്പഴക്കം ചെന്ന വാഹനങ്ങളാണ് ഇവിടെയുള്ളതില്‍ അധികവും. ആദിവാസി മേഖലയും, മലമ്പ്രദേശവുമായ അറക്കുളം പഞ്ചായത്തില്‍ കാലപഴക്കം ചെന്ന വാഹനങ്ങൾ ഓടുന്നതു കൊണ്ടു പലപ്പോഴും ട്രിപ്പ് മുടക്കം പതിവാകുന്നു. പുതിയ വാഹനങ്ങള്‍ ഒന്നും ഇവിടേയ്ക്ക് അനുവദിക്കാറില്ല . ഇവിടേയ്ക്കു രണ്ടു നോണ്‍ ഏസി ലോഫ്ളോര്‍ ബസുകള്‍ അനുവദിച്ചിരുന്നെങ്കിലും മലമ്പ്രദേശങ്ങളില്‍ ഓടാന്‍ പറ്റിയവയല്ല.
ഇതില്‍ ഒരെണ്ണം കഴിഞ്ഞ മാസം കുരുതിക്കളത്തിനു സമീപം ഓടിക്കൊണ്ടിരുന്നപ്പോള്‍ തീ കത്തി നശിച്ചിരുന്നു. ഗ്രാമീണ മേഖലയില്‍ ഓടിക്കാന്‍ പറ്റാത്ത സുരക്ഷിതത്വം ഇല്ലാത്ത ബസുകളാണിവ. മൂലമറ്റം ഡിപ്പോയുടെ രണ്ടു ബസുകളും ഷെഡില്‍ കയറ്റി ഇട്ടിരിക്കുകയാണ്. സെന്‍സര്‍ ഉപയോഗിച്ചാണ് ഇതിന്റെ നിയന്ത്രണം. തകരാറുകള്‍ ഉണ്ടായാല്‍ ഇവിടെ പരിഹരിക്കാനും കഴിയില്ല, കമ്പനിയില്‍ നിന്നു വന്നു വേണം തകരാർ പരിഹരിക്കാന്‍.
ഗ്രാമീണ മേഖലയിലേയ്ക്കുള്ള പല വാഹനങ്ങളും സ്വകാര്യ ബസുകളെ സഹായിക്കാന്‍ വേണ്ടി നിര്‍ത്തി വച്ചിരിക്കുകയാണ്. ജീവനക്കാര്‍ ആവശ്യത്തിനില്ലാത്തതു കൊണ്ടു ജോലി ചെയ്യുന്നവരെത്തന്നെ മാറ്റി മാറ്റി അയച്ച് ജോലി ചെയ്യിക്കുകയാണ്. ഗ്രാമീണ മേഖലയിലേക്കുള്ള വാഹനങ്ങൾ ട്രിപ്പ് മുടക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ വാഹനങ്ങളുടെ പഴക്കവും ജീവനക്കാരുടെ കുറവും മൂലം സര്‍വീസ് മുടക്കം പതിവാണ്.
തൊടുപുഴയില്‍ നിന്ന് ഡീസല്‍ കിട്ടാതെ വരുമ്പോള്‍ പാലായിലും മൂവാറ്റുപുഴയിലും എറണാകുളത്തും പോയി ഡീസല്‍ അടിക്കേണ്ടി വരുന്നതും ട്രിപ്പ് മുടക്കത്തിനു കാരണമാവുന്നു. കാലപ്പഴക്കം ചെന്ന വാഹനങ്ങൾ ടൗണ്‍ സര്‍വീസിനായി ഉപയോഗിക്കാമെങ്കിലും ഇതിനു അധികാരികള്‍ തയാറല്ല. മൂലമറ്റം സെന്ററിലേക്ക് ആവശ്യമായ ജീവനക്കാരേയും പുതിയ ബസുകളും നല്കി പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് നാട്ടുകാര്‍ ആവര്യപ്പെട്ടു.