സ്വന്തം ലേഖകൻ
കോഴിക്കോട്: ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്ലാന്റിൽ നിന്നും കെഎസ്ആർടിസി ഡിപ്പോയിലേക്ക് കൊണ്ടുവന്ന ഡീസലിന്റെ അളവിൽ കുറവുണ്ടായതിനെ തുടർന്ന് കോഴിക്കോട് ടെർമിനലിൽ കെഎസ്ആർടിസി ജീവനക്കാർ വീണ്ടും ടാങ്കർ ലോറി തടഞ്ഞു. ഇന്നലെ പുലർച്ചെ മംഗലാപുരത്തു നിന്നും ലോഡുമായെത്തിയ ടാങ്കർ ലോറിയാണ് സോണൽ ഓഫീസർ വി.മനോജ്കുമാറിന്റെ നിർദേശ പ്രകാരം ജീവനക്കാർ തടഞ്ഞത്. തുടർച്ചയായി കുറവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. പുലർച്ചെ രണ്ടരയോടെയാണ് ടാങ്കർ ലോറി ടെർമിനലിലെ പന്പിൽ എത്തിയത്. എന്നാൽ ഡീസൽ പന്പിലേക്ക് മാറ്റി നിറയ്ക്കുന്നത് തന്റെ സാന്നിധ്യത്തിൽ മതിയെന്ന നിർദേശം സോണൽ ഓഫീസർ നൽകി.
തുടർന്ന് രാവിലെ നടന്ന പരിശോധനയിൽ 44 ലിറ്ററിന്റെ കുറവ് കണ്ടെത്തി. സോണൽ ഓഫീസറുടെ നേതൃത്വത്തിൽ സൂപ്രണ്ട്, ഡിപിഒ, യൂണിറ്റ് ഓഫീസർ, സ്റ്റേഷൻ ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിൽ അളന്നപ്പോഴാണ് കുറവ് കണ്ടത്. 12,000 ലിറ്ററുമായി വന്ന ടാങ്കർ ലോറിയിലാണ് കുറവ് കണ്ടെത്തിയത്. പന്പിൽ എത്തുന്ന ടാങ്കർ ലോറികളിൽ മതിയായ പരിശോധന നടക്കാറില്ല എന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. പന്പിലേക്ക് ഡീസൽ റീഫിൽ ചെയ്യുന്നത് യൂണിറ്റ് ഓഫീസർ, ഡിപ്പോ എൻജിനിയർ, സ്റ്റേഷൻ മാസ്റ്റർ, സ്റ്റോർ കീപ്പർ, സ്റ്റേഷൻ മാസ്റ്റർ എന്നിവരുടെ മേൽനോട്ടത്തിലായിരിക്കണമെന്നണ് ചട്ടം. പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല.
മംഗലാപുരത്തെ ഐഒസിയിൽ നിന്ന് ഡീസലുമായി വരുന്ന ലോറികളിൽ ജിപിഎസ് ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിട്ടും ഡീസൽ നഷ്ടപ്പെടുന്നത് എന്തുകൊണ്ടാണന്നുള്ള ആശങ്കയിലാണ് അധികൃതർ. കഴിഞ്ഞ ദിവസം വന്ന ലോറിയിൽ 22 ലിറ്ററിന്റെ കുറവ് കണ്ടെത്തിയിരുന്നു.
കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ടാങ്കർ ലോറികൾ പന്പിലേക്ക് പുറപ്പെടുന്നത്. പ്ലാന്റിൽ നിന്ന് ലോറിയിലെ ടാങ്കിൽ ഡീസൽ നിറച്ചാൽ പന്പിൽ എത്തിയാൽ മാത്രമെ ടാങ്ക് തുറക്കാൻ സാധിക്കൂ. വഴിമധ്യേ ഡീസൽ നഷ്ടപ്പെടാനുള്ള സാധ്യതയില്ലെന്ന് സോണൽ ഓഫീസർ തന്നെ പറയുന്നു. എന്നാൽ ഇതിനും കുറുക്കുവഴികൾ ഉണ്ടത്രെ. വാഹനത്തിൽ നിന്ന് ഡീസൽ ആവിയായി പോകാനുള്ള സാധ്യതയാണ് അധികൃതർ മുന്നോട്ട് വയ്ക്കുന്നത്. ലിറ്റർ കണക്കിന് ഡീസൽ ഒരു കാരണവശാലും ആവിയായി പോകാനിടയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.