മംഗലംഡാം: വടക്കഞ്ചരിയിൽ നിന്ന് മംഗലംഡാം കടപ്പാറയിലേക്ക് വന്നിരുന്ന ബസാണ് ചിറ്റടി-കണിയമംഗലം റോഡിൽ കനാൽപാലത്തിന് സമീപം വെച്ച് ബ്രേക്ക് തകരാറിലായി യാത്രക്കാരെ ഭീതിയിലാക്കിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.മുപ്പത്തഞ്ച് യാത്രക്കാർ ബസിലുണ്ടായിരുന്നു.
എതിരെ നിന്നും കനാൽ പാലത്തിലൂടെ വന്ന ലോറി കണ്ട് ബ്രേക്ക് ചവിട്ടയപ്പോഴാണ് ഡ്രൈവർ കയറാടി സ്വദേശി എം.സലീമിന് ബസിന്റെ ബ്രേക്ക് പോയകാര്യം മനസിലായത്. ധൈര്യം വിടാതെ സലിം ഉടൻ പാതയോരത്തുള്ള കനാലിന്റെ ഭാഗത്തെ മണ്‍തിട്ടയിലേക്ക് ബസ് ഇടിച്ച് കയറ്റി.ഇതിനിടെ യാത്രക്കാർ കൂട്ട കരച്ചിലും ബഹളവുമായി. പത്തടി താഴ്ചയുള്ള കനാലോരത്ത് തിട്ടിലിടിച്ച് പകുതി റോഡിലായി ബസ് നിന്നു.
ബസ് കനാലിലേക്ക് മറിഞ്ഞിരുന്നെങ്കിൽ വലിയ അപകടമുണ്ടാകുമായിരുന്നു. ഡ്രൈവർ സലീമിനെ ബസിലെ യാത്രക്കാരും ഓടി കൂടിയവരുമെല്ലാം ഏറെ അഭിനന്ദിച്ചു.വടക്കഞ്ചേരി ഡിപ്പോയിൽ നിന്നും മെക്കാനിക്ക് എത്തിയാണ് പിന്നീട് ബ്രേയ്ക്ക് ശരിയാക്കി ബസ് മാറ്റിയത്.