ചെങ്ങന്നൂർ: മുണ്ടൻകാവ് ഡിവൈഡറിൽ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി 20 യാത്രക്കാർക്ക് പരിക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ല. ബുധനാഴ്ച രാത്രി 11 ഓടെയാണ് അപകടം. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നടക്കുന്ന പത്താമത്തെ അപകടമാണിത്. 42 യാത്രക്കാരുമായി വൈക്കത്തിന് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറാണ് അപകടത്തിൽ പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു.
കവലയിലെ വെളിച്ചക്കുറവും സൂചനാബോർഡുകൾ ഇല്ലാത്തതും കാരണം ഡിവൈഡർ ശ്രദ്ധയിൽ പെട്ടില്ലെന്ന് കഐസ്ആർടിസി ഡ്രൈവർ പറഞ്ഞു. ഡിവൈഡറിൽ കയറിയ ബസ് 15 മീറ്ററോളം നീങ്ങിയതിന് ശേഷമാണ് നിന്നത്. സീറ്റിലെ കന്പിയിലിടിച്ചാണ് യാത്രക്കാർക്ക് തലയ്ക്കും മുഖത്തിനും പരിക്കേറ്റത്.
സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ബസ് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബിജെപി ജില്ല ജനറൽ സെക്രട്ടറി എം.വി. ഗോപകുമാറിന്േറയും സംസ്ഥാന സമിതി അംഗം ബി. കൃഷ്ണകുമാറിന്േറയും നേതൃത്വത്തിൽ തടഞ്ഞു. പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കിയിട്ടേ ബസ് മാറ്റാൻ സമ്മതിക്കൂ എന്ന് ആവശ്യപ്പെട്ട് ഇരുവരും റോഡ് ഉപരോധിച്ചു. അരമണിക്കൂറോളം കുത്തിയിരുപ്പ് സമരം നടത്തി.
സിഐ എം.സുധിലാൽ ചർച്ച നടത്തിയെങ്കിലും ഇരുവരും പിൻമാറാൻ തയ്യാറായില്ല. തുടർന്ന് ആർഡിഒ ജി. ഉഷാകുമാരി ഇരുവരെയും ഫോണിൽ ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം പ്രശ്നപരിഹാരം ഉണ്ടാക്കാമന്ന് ഉറപ്പു കൊടുത്തതിനെത്തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. പിന്നീടാണ് ബസ് ഡിവൈഡറിൽ നിന്ന് നീക്കം ചെയ്തത്. ഇതിനിടെ യാത്രക്കാരെ പിന്നാലെ വന്ന മറ്റൊരു ബസിൽ കയറ്റി അയച്ചിരുന്നു.
അപകടങ്ങൾ നിരന്തരം നടക്കുന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം കഐസ്ടിപി അധികൃതർ മുണ്ടൻകാവ് കവല സന്ദർശിച്ചിരുന്നു. ഡിവൈഡറിനു മുന്നിലായി ഷവറോണ് മാർക്കിംഗ് അടിയന്തിരമായി ചെയ്യുവാൻ തീരുമാനിച്ചു. തുടർന്നും അപകടങ്ങൾ ഉണ്ടാകുന്നെങ്കിൽ ഡിവൈഡർ മാറ്റുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. എന്നാൽ സുരക്ഷാബോർഡുകൾ ഒന്നും തന്നെ ഇതുവരെ സ്ഥാപിച്ചിട്ടില്ല. ി