ചെറുവത്തൂർ: ദേശീയപാതയിലെ ഞാണങ്കൈ ഇറക്കത്തിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് പത്തു പേർക്ക് പരുക്ക്.
കനത്ത മഴയിൽ ഇന്ന് രാവിലെ ഏഴോടെയാണ് അപകടം. കെഎസ്ആർടിസി ബസ് ഡ്രൈവർ കണ്ണൂർ ആലക്കോട് സ്വദേശി ടോമി (50), ചരക്ക് ലോറി ഡ്രൈവർ മധ്യപ്രദേശ് ഇൻഡോർ സ്വദേശി രാകേഷ് ശ്യാംവർമ (49), പിലിക്കോട് കാലിക്കടവ് കരക്കേരുവിലെ കെ.വി. സബിത (40), അപകടത്തിൽപ്പെട്ട ബസിലെ കണ്ടക്ടർ കാഞ്ഞങ്ങാട് പെരിയ സ്വദേശി പി.എം. സെബാസ്റ്റ്യൻ (52) എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്.
സ്റ്റിയറിംഗിനിടയിൽ കാൽ കുടുങ്ങിയ ചരക്ക് ലോറി ഡ്രൈവർ രാജുവിനെ തൃക്കരിപ്പൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങൾ കാബിൻ മുറിച്ചു നീക്കിയാണ് പുറത്തെടുത്തത്.
ലോറിയിലുണ്ടായിരുന്ന മറ്റൊരു ഡ്രൈവർ രാധു(38), ക്ലീനർ സുഖ്ദേവ്(39), ബസിലെ യാത്രക്കാരായ കാസർഗോഡ് കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ തലശേരി സ്വദേശി അനിൽ കുമാർ (46), പറശിനിക്കടവ് കോൾമൊട്ട സ്വദേശി ചന്ദ്രഹാസ (39), കാസർഗോഡ് ദേലമ്പാടിയിലെ ഐ.മൂസ (57), കോടോംബേളൂർ വയമ്പിലെ ബി.കുഞ്ഞമ്പു (54), മലപ്പുറം നിലമ്പൂർ പൂളപ്പാടം സ്വദേശിയും തളിപ്പറമ്പിൽ താമസക്കാരനുമായ എം.എ. ഉമ്മർ (44)എന്നിവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് ദേശീയപാതയിലൂടെയുള്ള ഗതാഗതം നാല് മണിക്കൂറോളം നിലച്ചു. കണ്ണൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പിലിക്കോട് തോട്ടം വഴിയും ചെറുവത്തൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പടന്ന റോഡ് വഴിയും തിരിച്ചു വിട്ടു.