എടത്വ: ശക്തമായ കാറ്റിലും മഴയിലും നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് പത്തടി താഴ്ചയിലേക്കു തെന്നിനീങ്ങി. ഡ്രൈവറുടെ മനോധൈര്യത്തില്‍ ഓടിക്കൂടിയ നാട്ടുകാരും സന്നദ്ധ സംഘടന പ്രവര്‍ത്തകരും സാഹസികമായി ബസ് കരയ്ക്കെത്തിച്ചു.
ഹരിപ്പാട്-വീയപുരം-എടത്വ റൂട്ടില്‍ വീയപുരം ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിനു സമീപം അക്കരമുറിഞ്ഞപുഴയ്ക്കല് പാലത്തിനു പടിഞ്ഞാറേ കരയില്‍ അപ്രോച്ച് റോഡിലേക്കാണ് ബസ് തെന്നിനീങ്ങിയത്.
തിങ്കളാഴ്ച രാത്രി 8.40 നാണ് സംഭവം. ഹരിപ്പാട്-എടത്വ സര്‍വീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.ശക്തമായ കാറ്റിലും പേമാരിയിലും ബസിന്റെ നിയന്ത്രണം തെറ്റി പത്തടി താഴ്ചയിലേക്ക് തെന്നിനീങ്ങുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ മരത്തില്‍ വടം ഉപയോഗിച്ച് ബസ് ബന്ധിച്ച് നിര്‍ത്തി. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെയും ഫയര്‍ ഫോഴ്സിനെയും വിവരം അറിയിച്ചു.
ജെസിബി എത്തിച്ച് ബസിന്റെ മുന്‍ഭാഗം ഉയര്‍ത്തിപ്പിടിച്ച് ബസ് കരയ്ക്കെത്തിച്ചു. ഡ്രൈവര്‍ ബ്രേക്കില്‍നിന്ന് കാല് മാറ്റിയാല്‍ പത്തടി താഴ്ചയിലുള്ള മറ്റൊരു റോഡിലേക്ക് ബസിന്റെ മുന്‍വശം ഇടിച്ചു വീഴുമായിരുന്നു.