പെരുന്പാവൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി സ്കാനിയ ബസ് റോഡരികിലെ വീട് ഇടിച്ചു തകർത്തു. എംസി റോഡിൽ ചേലാമറ്റം കാരിക്കോട് ജംഗ്ഷനിൽ ഇന്ന് പുലർച്ചെ രണ്ടോടെയാണ് അപകടം നടന്നത്. ബംഗളൂരുവിൽനിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
അമിത വേഗതയിൽ വന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മതിൽ, തെങ്ങ്, വീട് എന്നിവ തകർത്ത ശേഷം സമീപത്തെ മറ്റൊരു ഷെഡിൽ ഇടിച്ചാണ് നിന്നത്. അപകടത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു. ഇവരെ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശികളായ ജിനോ (42) സജി (43) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
കാരിക്കാട് കിഴക്കും തല ഷിജോയുടെ വീടിന്റെ ഒരു വശമാണ് തകർന്നത്. അപകട സമയത്ത് ഷിജോയും അമ്മയും ഭാര്യയും രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നു. പുലർച്ചെയായതുകൊണ്ടു തന്നെ വീട്ടുകാർ എല്ലാം ഉറക്കത്തിലായിരുന്നു. വീടിന്റെ മുൻഭാഗത്തോടു ചേർന്ന മുറിയിലേക്കാണ് ബസ് ഇടിച്ചുകയറിയത്.
ഈ മുറിയിൽ ആരും കിടന്നുറാങ്ങാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഇടിയുടെ ശബ്ദം കേട്ടാണ് വീട്ടുകാർ ഉണരുന്നത്. ബസിൽ 40ലധികം യാത്രക്കാരുണ്ടായിരുന്നു. ഇവർക്ക് കാര്യമായ പരിക്കില്ലാത്തതിനാൽ മറ്റൊരു ബസിൽ കയറ്റി വിട്ടു. അപകടത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.