കൊച്ചി: വൈറ്റില-പാലാരിവട്ടം ബൈപ്പാസില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസ് മീഡിയനിലെ തണല്‍ മരത്തിലേക്ക് ഇടിച്ചു കയറി ഡ്രൈവര്‍ മരിച്ചു.
30 പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശി അരുണ്‍ ആണ് മരിച്ചത്. കണ്ടക്ടര്‍ തിരുവനന്തപുരം സ്വദേശി സുരേഷ്, യാത്രക്കാരായ തിരുവനന്തപുരം സ്വദേശി തന്നെയായ രജിത, കോട്ടയം സ്വദേശി മിഥുന് എന്നിവരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി ഉള്‍പ്പെടെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മിഥുനെ മെഡിക്കല്‍ സെന്ററില്‍നിന്നും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഇന്ന് പുലര്‍ച്ചെ 4.30 ഓടെ ബൈപ്പാസില്‍ ചക്കരപ്പറമ്പ് വൈശാലി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്നും കോഴിക്കോടേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ മീഡിയനിൽനിന്നും പിഴുതു പോന്ന മരത്തില്‍ കയറിയാണ് ബസ് നിന്നത്. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാബിനില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ ഏറെ സമയമെടുത്താണ് പുറത്തെടുത്തത്.
അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം വൈറ്റില വെല്‍കെയര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.