കുന്നംകുളം (തൃശൂർ): കുന്നംകുളത്ത് കുറുക്കൻപാറയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ കെഎസ്ആർടിസി ഡ്രൈവറുടെയും ടോറസ് ഡ്രൈവറുടെയും ഉൾപ്പെടെ നാലുപേരുടെ നില ഗുരുതരം. ഇന്നു പുലർച്ചെ നാലോടെയായിരുന്നു അപകടം.
ഗുരുവായൂരിൽനിന്നു കുന്നംകുളം വഴി കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. എതിർ ദിശയിൽ വരികയായിരുന്ന ടോറസ് ലോറിയിൽ ബസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻവശം തകർന്നു.
പരിക്കേറ്റവരെ കുന്നംകുളം നന്മ, ലൈഫ് കെയർ,108 ആംബുലൻസ് പ്രവർത്തകർ ചേർന്ന് തൃശൂർ മെഡിക്കൽ കോളേജ്, കുന്നംകുളം മലങ്കര, താലൂക്ക്, ദയ റോയൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ശക്തമായ മഴയെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് ടോറസ് ലോറിയിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തെത്തുടർന്ന് കുന്നംകുളം അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കാബിൻ വെട്ടിപ്പൊളിച്ചാണ് ടോറസ് ഡ്രൈവറെ പുറത്തെടുത്തത്. കുന്നംകുളം പോലീസും സ്ഥലത്തെത്തിയിരുന്നു. അപകടത്ത െത്തുടർന്ന് ഏറെനേരം കുന്നംകുളം-ഗുരുവായൂർ റോഡിൽ ഗതാഗതം തടസപ്പെട്ടു. കുന്നംകുളം മേഖലയിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴയായിരുന്നു.