പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബസുകളിലെ സൗജന്യപരസ്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന് ഉത്തരവ്. നീക്കം ചെയ്യേണ്ട 65 സ്ഥാപനങ്ങളുടെ പരസ്യങ്ങളുടെ പട്ടികയും യൂണിറ്റ്, ക്ലസ്റ്റർ ഓഫീസർമാർക്ക് നല്കിയിട്ടുണ്ട്.
ഈ മാസം പതിനെട്ടിനകം ഇവ ബസുകളിൽ നിന്നും നീക്കം ചെയ്യണമെന്നാണ് കർശന നിർദേശം.നീക്കം ചെയ്യേണ്ട പരസ്യങ്ങളിൽ ഏറ്റവും കൂടുതൽ സിനിമ-സീരിയൽ എന്നിവയുടെ പരസ്യങ്ങളാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ടെക്നോളജി സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ടെക്സ്റ്റൈയിൽസ്, സ്വർണ്ണക്കടകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയവയുടെ പരസ്യങ്ങളും നീക്കം ചെയ്യേണ്ടവയിൽ പ്രധാനമായും ഉൾപ്പെടും.
കരാർ അനുസരിച്ച് കെഎസ്ആർടിസി ബസുകളിൽ പരസ്യം ചെയ്ത ഈസ്ഥാപനങ്ങൾ കരാർ കാലാവധി കഴിഞ്ഞിട്ടും കരാർ പുതുക്കുകയോ പരസ്യം നീക്കം ചെയ്യുകയോ ചെയ്തിരുന്നില്ല.
കരാർ കാലാവധി കഴിഞ്ഞിട്ടും ബസുകൾ സൗജന്യമായി ഈ പരസ്യങ്ങളും പ്രദർശിപ്പിച്ചു കൊണ്ട് മാസങ്ങളായി ഓടുകയാണ്.
ബന്ധപ്പെട്ടവരുടെ അശ്രദ്ധയും നിരുത്തരവാദിത്വവുമാണ് സൗജന്യമായി പരസ്യം പ്രദർശിപ്പിക്കാൻ ഇടയാക്കിയതെന്ന് സി എം ഡി കണ്ടെത്തിയതിനെ തുടർന്നാണ് പരസ്യങ്ങൾ നീക്കം ചെയ്യാൻ കർശന നിർദ്ദേശം നല്കിയത്.