തിരുവനന്തപുരം: കെഎസ്ആർടിസി കണ്ടക്ടർ പോസ്റ്റിൽ പുതിയ നിയമനമില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. കണ്ടക്ടർമാരുടെ എണ്ണം ദേശീയ ശരാശരിയെക്കാൾ കൂടുതലാണെന്ന് സുശീൽ ഖന്ന റിപ്പോർട്ടിൽ പറയുന്നതെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. കെഎസ്ആർടിസിയിൽ കണ്ടക്ടർ തസ്തികയിലേക്ക് അഡ്വൈസ് മെമ്മോ നൽകിയ 4,051 പേർക്ക് നിയമനം നൽകാനാവില്ലെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
ഇതോടെ കഴിഞ്ഞ ഒന്നര വർഷമായി കാത്തിരിക്കുന്ന ഉദ്യോഗാർഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. 2010 ഡിസംബര്‍ 31നാണ് കണ്ടക്ടർ തസ്തികയിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചത്. 9,378 ഒഴിവാണ് അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും 3,808 ഒഴിവേ ഉള്ളൂവെന്നും കെഎസ്ആർടിസി പിന്നീട് അറിയിച്ചു.
2016 ഡിസംബര്‍ 31-നാണ് 4,051 പേര്‍ക്ക് മെമ്മൊ അയച്ചത്. ഇതുവരെ ഇവരില്‍ ഒരാള്‍ക്ക് പോലും നിയമനം നല്‍കിയിട്ടില്ല. അഡ്വൈസ് ചെയ്ത് മൂന്നു മാസത്തിനകം നിയമനം നല്‍കണമെന്നാണ് വ്യവസ്ഥ. ഇതിനിടെ 2,198 താല്‍ക്കാലിക കണ്ടക്ടര്‍മാരെ സർക്കാർ സ്ഥിരപ്പെടുത്തുകയും ചെയ്തു.