കൊച്ചി: കെഎസ്ആര്‍ടിസിയിലെ പെൻഷൻ ഉൾപ്പെടെയുള്ള കൂടുതൽ ബാധ്യത ഇനിയും ഏറ്റെടുക്കാനാവില്ലെന്നുള്ള സർക്കാർ നിലപാടിനെതിരേ പ്രതിഷേധവുമായി തൊഴിലാളി സംഘടനകൾ. സർക്കാർ നിലപാട് ഇടതുപക്ഷ വിരുദ്ധമാണെന്നും സത്യവാങ്മൂലം തിരുത്താൻ മുഖ്യമന്ത്രി ഇടപെടണമെന്നും കെഎസ്ആര്‍ടിസിയിലെ ഇടതുപക്ഷ സംഘടനയായ എഐടിയുസി ആവശ്യപ്പെട്ടു.
കെഎസ്ആര്‍ടിസിയെ പൊതുമേഖലയിൽ നിനിർത്താനുള്ള ശക്തമായ നടപടികളുണ്ടാകണമെന്നും മറിച്ചായാൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി എഐടിയുസി മുന്നോട്ടിറങ്ങുമെന്നും സംഘടനാ പ്രതിനിധികൾ അറിയിച്ചു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും സർക്കാർ തീരുമാനത്തോടു വിയോജിച്ചിട്ടുണ്ട്.
നിരവധി തവണ കെഎസ്ആര്‍ടിസിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചുവെന്നും കഴിവിന്റെ പരമാവധി സഹായിച്ചെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. പെൻഷൻ വിതരണത്തിൽ സർക്കാരിനു നേരിട്ടു ബാധ്യതയില്ലെങ്കിൽപോലും കോർപറേഷനു പരമാവധി പിന്തുണ നൽകിയെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തു വീഴ്ച ഉണ്ടായിട്ടില്ലെന്നും ഗതാഗത വകുപ്പ് അഡീഷണൽ സെക്രട്ടറി എസ്. മാലതി നൽകിയ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.
പെൻഷൻ നൽകാൻ നിയമപരമായ ബാധ്യത ഇല്ലാതിരുന്നിട്ടും 1984 മുതൽ കെഎസ്ആര്‍ടിസി പെൻഷൻ നൽകുന്നു. ദൈനംദിന ചെലവുകൾക്കു പുറമേ പെൻഷൻ നൽകാനുള്ള തുക കണ്ടെത്താൻ കോർപറേഷനു കഴിയുന്നില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്.
സർക്കാർ ഉത്തരവിനെത്തുടർന്നാണു പെൻഷൻ നൽകുന്നതെന്നും ഇതിന്റെ ബാധ്യതയിൽനിന്നു സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും കഐസ്ആർടിസിയും ഹൈക്കോടതിയിൽ ബോധിപ്പിച്ചു. കെഎസ്ആര്‍ടിസിയിലെ പെൻഷൻ വിതരണം മുടങ്ങിയതിനെതിരേ ട്രാൻസ്പോർട്ട് റിട്ടയേർഡ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണു സർക്കാരും കെഎസ്ആര്‍ടിസിയും തമ്മിൽ പരസ്പരം പഴിചാരി സത്യവാങ്മൂലം നല്‍കിയത്.